എറണാകുളം:പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ അന്വേഷണവുമായി കുഫോസ്. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസ് (കുഫോസ് ) വൈസ് ചാൻസലർ ഏഴംഗ സമിതിയെ നിയോഗിച്ചു.24-ആം തീയതിക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി പെരിയാർ നദിയുടെയും അനുബന്ധ ജലാശയങ്ങളുടെയും വിവിധ ഭാഗങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിനെത്തുടർന്ന് ഫിഷറീസ് ജോയിൻ്റ് ഡയറക്‌ടറാണ് ഇതേക്കുറിച്ച് പഠനം നടത്താൻ കുഫോസിനോട് ആവശ്യപ്പെട്ടത്.ഇതോടൊപ്പം മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കർഷകരുടെയും ഉപജീവനത്തെ ബാധിക്കുന്ന തരത്തിൽ കൂടുകളിൽ വളർത്തുന്ന മത്സ്യങ്ങളും കൂട്ടത്തോടെ ചത്തുപൊങ്ങുന്നതായി കണ്ടെത്തി. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ഫിഷറീസ് ജോയിൻ്റ് ഡയറക്‌ടർ സർവകലാശാലയോട് ആവശ്യപ്പെട്ടു.
അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുളള കുഫോസിൻ്റെ ഉത്തരവ് (ETV Bharat) തിങ്കളാഴ്‌ച രാത്രി മുതലാണ് പെരിയാറിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കരിമീൻ, ചെമ്മീൻ,ചെമ്പല്ലി, ചെറുമീനുകൾ ഉൾപ്പടെയുള്ള മത്സ്യങ്ങളാണ് ചത്ത് കരയ്ക്കടിഞ്ഞത്.മുൻവർഷങ്ങളിലും പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
പുഴയിൽ കൂട് മത്സ്യകൃഷി ചെയ്യുന്ന കർഷകരുടെ മത്സ്യങ്ങളും കൂട്ടത്തോടെ ചത്തുപൊങ്ങിയത് ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടാക്കിയത്. പെരിയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന കമ്പനികൾ രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നത് തടയണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും നിരന്തരമായി ആവശ്യപ്പെടാറുണ്ട്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡോ, സർക്കാരോ ക്രിയാത്മകമായി ഈ വിഷയത്തിൽ ഇടപെടാറില്ലന്ന വിമർശനവും ശക്‌തമാണ്.
പെരിയാറിലെ മലിനീകരണം പെട്ടെന്ന് മത്സ്യകർഷകരെയും ക്രമേണ മനുഷ്യരെ മുഴുവൻ ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടികാണിക്കുന്നു.ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ല. രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്ന വ്യവസായ സ്ഥാപനം ഏതാണെന്ന് പോലും കണ്ടെത്താൻ പൊലൂഷ്യൻ കൺട്രോൾ ബോർഡിന് കഴിഞ്ഞിട്ടില്ല. ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
വ്യവസായ സ്ഥാപനങ്ങൾ സമീപത്തെ തോടുകളിലേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങൾ ആദ്യമഴയിൽ പുഴയിൽ എത്തുന്നതോടെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതെന്നാണ് കരുതുന്നത്.പുഴയിലേക്ക് എത്തുന്ന രാസമാലിന്യങ്ങൾ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനും കാരണമായിട്ടുണ്ട്. ഇത് മത്സ്യമേഖലയെ ആശ്രയിക്കുന്ന നൂറു കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.
Also Read :പെരിയാറിലെ മത്സ്യക്കുരുതി ; എൻവിയോൺമെൻ്റ് എഞ്ചിനീയറെ ഉപരോധിച്ച് കോൺഗ്രസ്