കണ്ണൂർ:മലയോരത്തും നാട്ടിൻ പുറത്തുമൊക്കെ മയിലിന്‍റെ സഞ്ചാരം അസാധാരണമാണ്. അങ്ങനെയിരിക്കെയാണ് ടാപ്പിങ് തൊഴിലാളിയായ തളിപ്പറമ്പ് എരുവേശി സ്വദേശി തോമസിന്‍റെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്‌ച (സെപ്‌റ്റംബർ 1) ഉച്ചയ്‌ക്ക് വീടിന് മുന്നിലൊരു മയിലെത്തിയത്.
തോമസ് പറയും പ്രകാരം മയിലിന്‍റെ കാലിന് ചെറിയ പരിക്കുണ്ടായിരുന്നു. തീരെ വയ്യാത്ത മയിൽ അധികകാലം ജീവിക്കില്ലെന്ന ചിന്തയിൽ മയിലിനെ കൊന്ന് കറി വെച്ചാലോ എന്നായി തോമസിന്‍റെ ചിന്ത. ആ തോന്നൽ തോമസിനെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലാണ്.
കാലിന് പരിക്കുണ്ടായിരുന്ന മയിലിനെ മരക്കമ്പ് കൊണ്ട് ഒറ്റയേറിൽ തോമസ് വീഴ്‌ത്തി. മയിൽ തത്‌ക്ഷണം തന്നെ ചത്തു. ശേഷം മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്‌ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി.
എന്നാൽ, തോമസിന്‍റെ മൊഴിയെ പൂർണമായും ഉൾകൊള്ളാൻ തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസർ പി രതീശനും സംഘവും തയ്യാറായില്ല. അവർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തോമസിന്‍റെ വീട്ടിലേക്ക് കുതിച്ചു. ആൾ താമസം അധികം ഇല്ലാത്ത പ്രദേശം ആയതിനാൽ മയിലിനെ കെണി വെച്ച് പിടിച്ചതാണോയെന്ന സംശയവും വനം വകുപ്പിനുണ്ട്.
മാത്രമല്ല മയിലിനെ കൊന്ന ശേഷം ആവശിഷ്‌ടങ്ങൾ തള്ളിയ പൊട്ടകിണർ ആർക്കും എത്തിപ്പെടാൻ കഴിയാത്ത മേഖലയും ആണ്. ഇതിന്മേലുള്ള അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് റെയിഞ്ച് ഓഫിസർ രതീശ് പറഞ്ഞു.
ശാരീരികമായി ബുദ്ധിമുട്ടുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. നിലവിൽ ജില്ല ജയിലിൽ ആണ് തോമസ് ഉള്ളത്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്.
Also Read:മയിലിന് ദേശീയ ബഹുമതികളോടെ സംസ്‌കാരം; സംഭവം ബനാറസ് ഹിന്ദു സർവകലാശാലയില്‍