ഇടുക്കി: ഭാര്യമാതാവിനെയും ചെറു മകളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി സന്തോഷ് പിടിയിലായി. തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബോഡിമെട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൈനാവിൽ രണ്ട് വീടുകൾക്കും പ്രതി തീയിട്ടിരുന്നു.
പുലർച്ചെ നാല് മണിയോടെയാണ് പൈനാവില്‍ വീടുകള്‍ക്ക് തീയിട്ടത്. പൈനാവ് അമ്പത്തിയാറാം നമ്പർ കോളനിയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് വീടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. കൊച്ചു മലയില്‍ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. തീയിട്ടത് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.
അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അന്നക്കുട്ടിയും പേരക്കുട്ടിയും ആശുപത്രിയില്‍ ചികിത്സയിലാണ്. വീടുകളില്‍ ആരും ഇല്ലാതിരുന്നതിനാൽ വന്‍ ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു.