കൊല്ലം: കൊല്ലത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി. കൊട്ടിയം സ്വദേശിനി അനില ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപ്രവർത്തകനായ സോണിക്കും പൊള്ളലേറ്റു. ഇവർ സഞ്ചരിച്ച കാറിന് തീയിട്ട ഭർത്താവ് പത്മരാജൻ പൊലീസിൽ കീഴടങ്ങി. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്.
കാറിൽ സഞ്ചരിക്കുകയായിരുന്ന അനിലയുടെ പിന്നാലെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ ഭർത്താവ് ചെമ്മാമുക്കിൽ വച്ച് കാർ തടയുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയും ആയിരുന്നു. വലിയ ശബ്‌ദത്തോടെ കത്തിയ കാറിൽ കൂടെയുണ്ടായിരുന്ന സോണി പുറത്തേക്ക് ചാടുകയായിരുന്നു.
അനില ഒരു മാസത്തിന് മുമ്പ് മറ്റൊരു യുവാവുമായി ചേർന്ന് ബേക്കറി ആരംഭിച്ചിരുന്നു. ഇത് പത്മരാജൻ എതിർത്തിരുന്നു. ഇതിൽ നിന്നും ഉണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. എന്നാൽ സോണിയെ കൊലപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നു എന്നും ബേക്കറി പങ്കാളിയായ യുവാവിനെ കൊലപ്പെടുത്താനാണ് താൻ ലക്ഷ്യമിട്ടുതെന്നും കസ്‌റ്റഡിയിൽ ആയ പത്മരാജൻ പൊലീസിനോട് സമ്മതിച്ചു.
ദേഹമാസകലം പൊള്ളലേറ്റ അനില പുറത്തേക്കിറങ്ങിയെങ്കിലും സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പരിക്കേറ്റ സോണി എന്ന യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു.
ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം പാർട്‌ണർഷിപ്പിൽ സ്ഥാപനം നടത്തുകയാണ് അനില. അനിലയുടെ ബേക്കറി പങ്കാളിയെയാണ് ലക്ഷ്യം വച്ചതെങ്കിലും സംഭവം നടക്കുമ്പോൾ സ്ഥാപനത്തിലെ ജീവനക്കാരനായ സോണിയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. കൃത്യം നടത്തിയ ശേഷം പത്മരാജൻ പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.