വയനാട്: മേപ്പാടി അട്ടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. അട്ടമല എറാട്ടുകുണ്ട് കോളനിയിലെ കറുപ്പന്‍റെ മകൻ ബാലകൃഷ്‌ണനാണ് (26) മരിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളാണ് ബാലകൃഷ്‌ണൻ. ഇന്നലെ (ഫെബ്രുവരി 11) രാത്രിയാണ് ബാലന്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടിൽ നടന്ന കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ബാലകൃഷ്‌ണൻ. മരിച്ച രണ്ട് പേരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ പണിയ വിഭാഗത്തിൽപ്പെട്ട മാനുവെന്ന യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലകൃഷ്‌ണൻ.
അതേസമയം വയനാട്ടിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഫാർമേഴ്‌സ് റിലീഫ് ഫോറം ആഹ്വാനം ചെയ്‌ത ഹർത്താൽ ജില്ലയിൽ പുരോഗമിക്കുകയാണ്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാട്. ജില്ലയിലെ കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അവർ അറിയിച്ചിരുന്നു.