പത്തനംതിട്ട: യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. അടൂർ ഏഴംകുളം സ്വദേശി രതീഷ് (39) നെയാണ് അടൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ പൊലീസിൽ മൊഴി നൽകി കേസെടുപ്പിക്കുകയും, തുടർന്ന് ജയിലിലാക്കപ്പെടുകയും ചെയ്‌ത വിരോധത്തിലാണ് യുവതിയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. ഞായറാഴ്‌ച (ഏപ്രിൽ 14) രാത്രി എട്ടിനാണ് സംഭവം.
രാത്രി ഏഴരയോടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും മകനെയും മർദ്ദിച്ച്, പെട്രോൾ ദേഹത്തൊഴിക്കുകയുമായിരുന്നു. തുടർന്ന് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയും മകനും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
രതീഷും യുവതിയും സുഹൃത്തുക്കളായിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മിൽ അകന്നിരുന്നു. അകൽച്ചയെ തുടർന്ന്, കഴിഞ്ഞവർഷം തന്നെ ഉപദ്രവിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കേസെടുത്ത അടൂർ പൊലീസ് രതീഷിനെ അറസ്‌റ്റ് ചെയ്‌തു. ഇതിൻ്റെ വിരോധത്തിലാണ് ഇപ്പോൾ ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.