കുടുംബശ്രീയുടെ ലഞ്ച് ബെല്‍ സംരംഭം വന്‍ വിജയത്തിലേക്ക് തിരുവനന്തപുരം:സമയം രാവിലെ ആറരയാകുന്നതേയുള്ളൂ. വെയില്‍ കനത്തിട്ടില്ലെങ്കിലും മീന മാസത്തില്‍ പുലര്‍ച്ചെയും നല്ല ചൂട്. ഇവിടെ തിരുവനന്തപുരം കേരളാദിത്യപുരത്ത് ഒരു കൂട്ടം വനിതകള്‍ ചൂടോടെ ഉച്ചയൂണൊരുക്കാനുള്ള തിരക്കിലാണ്. മറ്റെവിടെയുമല്ല, പുതുതായി ആരംഭിച്ച കുടുംബശ്രീയുടെ ലഞ്ച് ബെല്‍ ഉച്ചയൂണിന്‍റെ അടുക്കളയിലാണ് പാചകം കെങ്കേമമാകുന്നത്.
സംരംഭം തുടങ്ങി രണ്ടാഴ്‌ച പിന്നിടും മുമ്പേ വന്‍ വിജയമായതിന്‍റെ ത്രില്ലിലാണ് ഈ കുടുംബശ്രീ പ്രവര്‍ത്തകര്‍. അതിരാവിലെ മുതല്‍ ഇവിടെ ഉച്ചയൂണിനുള്ള വിഭവങ്ങള്‍ ഒന്നൊന്നായി തയ്യാറാക്കും.
കുടുംബശ്രീ ലഞ്ച് ബെല്ലിന്‍റെ അടുക്കളയിലെ പാചകങ്ങളുടെ അമ്മയാണ് 86 കാരിയായ സരസ്വതി അമ്മ. ലഞ്ച് ഹിറ്റാക്കുന്ന വിഭവങ്ങളിലൊന്നായ ചാമ്പയ്ക്ക അച്ചാര്‍ ഉള്‍പ്പെടെയുള്ള വെറൈറ്റി റെസിപ്പിയില്‍ പഴമയുടെ രുചിയും ഗുണമേന്മയും വേണമെന്ന നിര്‍ബന്ധം മാത്രമാണ് സഹായത്തിന് ഇവര്‍ക്കൊപ്പം കൂടിയപ്പോള്‍ മുന്നോട്ടുവച്ച ഒരേയൊരു കണ്ടിഷന്‍.
ലഞ്ച് ബെല്ലിലെ മറ്റൊരാള്‍ ഗിരിജയാണ്. അടുക്കളയിലെ ബാക്കി കുടുംബശ്രീ അംഗങ്ങളെ നിയന്ത്രിക്കുന്നതും ഏകോപനവും ഗിരിജയുടെ ജോലിയാണ്. സാധനങ്ങള്‍ വാങ്ങുന്നതോടൊപ്പം ഭക്ഷണം വാനില്‍ ഡെലിവറിക്കായി എത്തിക്കുന്നതും ഗിരിജ തന്നെ.
4 കൂട്ടം കറികളുള്ള വെജിറ്റേറിയന്‍ ഊണിനും 6 കൂട്ടം കറികളുള്ള നോണ്‍ വേജിനും ആവശ്യമായ പച്ചക്കറികള്‍ ഉള്‍പ്പെടെ തലേ ദിവസം തന്നെ ഓര്‍ഡര്‍ അനുസരിച്ച് അരിഞ്ഞ് ഫ്രിഡ്‌ജിലേക്ക് മാറ്റും. അവസാന വട്ട ഓര്‍ഡറുകള്‍ക്ക് വേണ്ടവയെല്ലാം രാവിലെയാകും തയ്യാറാക്കുക. വിഭവ സമൃദ്ധമായ ഊണ് പാത്രങ്ങളിലേക്ക് മാറ്റുന്നത് ഗിരിജയുടെ മകനും ഭര്‍ത്താവും ചേര്‍ന്നാണ്.
മാര്‍ച്ച് 5നായിരുന്നു ലഞ്ച് ബെല്ലിന്‍റെ ഉദ്ഘാടനം. ഇതിന് പിന്നാലെ വെറും 16 ദിവസം കൊണ്ട് 2000ത്തിലധികം ലഞ്ച് ബോക്‌സുകളാണ് വിതരണം ചെയ്‌തത്. പദ്ധതിയെ സൂപ്പര്‍ ഹിറ്റാക്കിയതില്‍ മറ്റ് ചിലര്‍ക്ക് കൂടി പങ്കുണ്ട്. 10:30 ഓടെയാണ് ലഞ്ച് ബോക്‌സുമായി പുറപ്പെടേണ്ടതെങ്കിലും 9 മണിക്ക് തന്നെ ഡെലിവറി പാര്‍ട്‌ണര്‍മാര്‍ ഓഫീസിലെത്തും.
ഓര്‍ഡര്‍ അനുസരിച്ച് മെഡിക്കല്‍ കോളജ്, പട്ടം, എല്‍എംഎസ്, സ്റ്റാച്യു, ആയുര്‍വേദ കോളജ് എന്നീ പോയിന്‍റുകളിലേക്ക് എത്തിക്കേണ്ട ലഞ്ച് ബോക്‌സുകള്‍ തരം തിരിച്ച് ഓരോ പാര്‍ട്‌ണര്‍മാര്‍ക്ക് നല്‍കും. എല്ലാവരും കുടുംബശ്രീയുടെ അംഗങ്ങള്‍ തന്നെ. അടുക്കളയില്‍ നിന്നും സഞ്ചാരം ആരംഭിക്കുന്ന ലഞ്ച് ബോക്‌സ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത് വരെയുള്ള ഏകോപനം അധീബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്‌പിറ്റാലിറ്റി എന്ന കരാര്‍ കമ്പനിയുടെ ചുമതലയാണ്. വന്‍ ജനപ്രീതി നേടിയ പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് തങ്ങളെന്ന് കമ്പനി പ്രതിനിധിയും ലഞ്ച് ബെല്‍ പദ്ധതിയുടെ പ്രൊജക്റ്റ് മാനേജറുമായ ജോണ്‍ പറഞ്ഞു.