ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നെയ്യാറ്റിൻകരയിൽ തുടക്കം, മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു തിരുവനന്തപുരം : ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നെയ്യാറ്റിൻകരയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഒരു മണ്ഡലത്തില്‍ മൂന്ന് പരിപാടി എന്ന നിലയില്‍ സംസ്ഥാനത്ത് 60 പ്രചാരണ യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.
രാഷ്ട്രം അപകടത്തിലാണെന്ന് ജനം തിരിച്ചറിയുന്നുണ്ടെന്ന് മുഖ്യമന്ത്രി നെയ്യാറ്റിന്‍കരയില്‍ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തെ കടന്നാക്രമിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരി തെളിയിച്ചത്.
രാഷ്ട്രം അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ഇവിടെ ജീവിക്കാനാകുമോ എന്ന് ഭയപ്പെടുകയാണ് അവര്‍. ഇത് ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ദുഷ്‌കീര്‍ത്തി ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മതേതരത്വത്തെ അപകടപ്പെടുത്താനുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്‍റെ ആവർത്തിച്ചുള്ള നീക്കങ്ങളുടെ ഫലമായി, പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്ന വലിയൊരു വിഭാഗം ആളുകൾക്ക് ഇപ്പോള്‍ ഈ രാജ്യത്ത് ജീവിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെന്ന് പിണറായി വിജയൻ ആരോപിച്ചു. രാജ്യത്ത് കോടിക്കണക്കിന് ആളുകൾ ഭയത്തിലും ആശങ്കയിലും കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയ്ക്ക് പേരുകേട്ട രാജ്യം എന്ന നിലയ്ക്ക് ലോകത്തിന് മുമ്പിൽ ഇന്ത്യ അംഗീകരിക്കപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ നഷ്‌ടപ്പെട്ടത്. ഐക്യരാഷ്ട്ര സഭ, ആംനസ്റ്റി ഇന്‍റർനാഷണൽ, അമേരിക്ക, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവരടക്കം ഇന്ത്യയുടെ നിലപാടിനെ വിമർശിക്കുകയാണ്. രാജ്യത്ത് ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയർന്നിരിക്കുന്നു. ലോകമാകെ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യ രീതിയാണോ എന്ന് ചോദിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. ആ ചോദ്യം ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന ജർമ്മനിയും അമേരിക്കയുമെല്ലാം ചോദിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വിവാദമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിലും, മദ്യനയ കുംഭകോണ കേസിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റുമെല്ലാം പരാമര്‍ശിച്ച് നിരവധി രാജ്യങ്ങളും, ലോക സംഘടനകളും അടുത്തിടെ ഇന്ത്യയെ വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾ ലോക സമൂഹത്തിന് മുന്നിൽ ഒരു ജനാധിപത്യ മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സിപിഐസ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് വേണ്ടി വോട്ടു ചോദിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യടനം ആരംഭിച്ചത്. സിഎഎ പ്രചാരണ പരിപാടി അവസാനിച്ചതിന് പിന്നാലെയാണ് മറ്റു വിഷയങ്ങളും കൂടി ഉന്നയിച്ച് മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം.