കേരളം

kerala

ETV Bharat / state

എറണാകുളത്ത് ബിജെപിക്കും സർപ്രൈസ് സ്ഥാനാർത്ഥി? പ്രഖ്യാപനം ഇന്നുണ്ടാകും - BJP Announce Surprise Candidate

എറണാകുളം മണ്ഡലത്തെ രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചതിന് പിന്നിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ സർപ്രൈസ് തന്നെയാണ് കാരണമെന്ന് വിലയിരുത്തൽ.

Lok Sabha Elections  BJP  Surprise Candidate  eranakulam
Lok Sabha Elections, BJP May Also Announce Surprise Candidate

By ETV Bharat Kerala Team

Published : Mar 19, 2024, 10:34 AM IST

എറണാകുളം : എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ ഇടതു മുന്നണിക്ക് പിന്നാലെ ബിജെപിയും സർപ്രൈസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. ബിജെപി ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന എറണാകുളത്ത് സാധ്യതയുള്ള ഒന്നിലധികം പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ഈയടുത്ത് ബിജെപിയിൽ ചേർന്ന പി സി ജോർജ്ജിൻ്റെ മകൻ ഷോൺ ജോർജിനാണ് സാധ്യതയേറെയുള്ളത്.

എറണാകുളം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിരുന്ന അനിൽ ആൻ്റണിക്ക് സീറ്റ് നൽകിയത് പത്തനംതിട്ടയിലായിരുന്നു. എന്നാൽ ഇവിടെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച പി സി ജോർജ് സീറ്റ് കിട്ടാത്തതിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഈയൊരു സാഹചര്യത്തിൽ
ക്രിസ്ത്യൻ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഷോണിനെയിറക്കിയാൽ, മികച്ച മത്സരം കാഴ്‌ചവെക്കാനും പി സി ജോർജിനെ തൃപ്‌തിപ്പെടുത്താനും കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

2014 ൽ എ എൻ രാധാകൃഷ്‌ണൻ മത്സരിച്ച മണ്ഡലത്തിൽ 11.63 ശതമാനം വോട്ടാണ് അദ്ദേഹം നേടിയത്. 2019 ൽ അൽഫോൻസ് കണ്ണന്താനം 14.24 ശതമാനം വോട്ടായിരുന്നു നേടിയത്. സാമുദായിക പരിഗണന കൂടി മണ്ഡലത്തിൽ വോട്ട് വർധിപ്പിക്കാൻ ആവശ്യമാണന്നാണ് വിലയിരുത്തൽ. സാമുദായിക പരിഗണനയിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ഒരാൾ സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരായ നിയമ പോരാട്ടം നടത്തുന്ന ഷോൺ ജോർജ് സ്ഥാനാർത്ഥിയാകുന്നത് തെരെഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രാദേശിക നേതാക്കൾ ഉൾപ്പടെ അഭിപ്രായപ്പെടുന്നത്. അതേസമയം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള മറ്റൊരാൾ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനൂപ് ആൻ്റണിയാണ്. കേന്ദ്ര സർക്കാരിൻ്റെ നിരവധി പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഈ യുവമോർച്ച നേതാവിന് ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് ഉള്ളത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ മത്സരിച്ച് പരാജയപ്പെട്ട ഈ യുവ നേതാവിനും സാധ്യതയേറെയാണ്.

മത്സ്യബന്ധനമേഖലയുമായി അടുത്ത ബന്ധമുള്ള ജനവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ കേന്ദ്ര ഫിഷറീസ് മന്ത്രാലയ രൂപീകരണത്തിൽ ഉൾപ്പടെ പങ്കാളിയായ അനൂപ് ആൻ്റണിയെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നതും അനുകൂലമായ ഘടകമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി റോഡ് ഷോ നടത്തിയ മണ്ഡലത്തിൽ നല്ലൊരു മത്സരം കാഴ്‌ചവെക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

അതേസമയം ബിജെപിയിലെത്തി സംസ്ഥാന ഉപാധ്യക്ഷനായ മേജർ രവിക്കും മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ ആഗ്രഹമുണ്ട്. എന്നാൽ സാമുദായിക പരിഗണനയിൽ മേജർ രവി ഒഴിവാക്കപ്പെടാനും സാധ്യതയേറെയാണ്. ഇവരൊന്നുമല്ലാത്ത ഒരു സർപ്രൈസ് സ്ഥാനാർത്ഥിയെ എറണാകുളം മണ്ഡലത്തിൽ പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല. കേരളത്തിലെ മെട്രോ നഗരമുൾപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ മികച്ച മത്സരം കാഴ്‌ചവെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

നഗര കേന്ദ്രീകൃതമായ മണ്ഡലങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കുന്നതാണ് രാജ്യത്തെ പൊതു സാഹചര്യമെങ്കിലും കേരളത്തിൽ ഇടത്, വലത് മുന്നണികൾ തന്നെയാണ് വോട്ടിംഗ് ശതമാനത്തിൽ ഏറെ മുന്നിട്ട് നിൽകുന്നത്. ഇരുപത് ലോകസഭാമണ്ഡലങ്ങളിൽ ബിജെപി മത്സരിക്കുന്ന പതിനാറ് മണ്ഡലങ്ങളിൽ പന്ത്രണ്ട് മണ്ഡങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യ ഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ചുരുന്നു എറണാകുളം, കൊല്ലം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിൽ സ്ഥനാർഥികളെയാണ് രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിക്കുക.

മറ്റു പ്രശ്‌നങ്ങളില്ലാതെ എളുപ്പത്തിൽ പ്രഖ്യാപിക്കാൻ കഴിയുമായിരുന്ന എറണാകുളം മണ്ഡലത്തെയും രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചതിന് പിന്നിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ സർപ്രൈസ് തന്നെയാണ് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം പി കൂടിയായ ഹൈബി ഈഡൻ തന്നെയാണ് മത്സരിക്കുന്നത്. അതേസമയം കെ ജെ ഷൈൻ എന്ന അധ്യാപക സംഘടനാ നേതാവിനെ മത്സരരംഗത്ത് ഇറക്കി കളം പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി.

സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം പ്രമുഖ നേതാക്കളെയാണ് രംഗത്ത് ഇറക്കിയതെങ്കിലും എറണാകുളം മണ്ഡലത്തിൽ മാത്രമാണ് പുതുമുഖത്തെ ഇറക്കി പരീക്ഷണം നടത്തുന്നത്. ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയായ ആൻ്റണി ജുഡിയും പ്രചാരണ രംഗത്ത് സജീവമാണ്. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയാക്കിയ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചാൽ മാത്രമേ മത്സര ചിത്രം വ്യക്തമാവുകയുള്ളൂ.

ABOUT THE AUTHOR

...view details