തൃശൂർ :തൃശൂർ പൂരത്തിന് മുമ്പ് തെരെഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറിയ തൃശൂർ മണ്ഡലത്തിൽ തെരെഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കുമ്പോഴും പോരാട്ട ചൂടിന് ശമനമില്ല. ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണവും നിരവധി വിവാദങ്ങളും ഇളക്കിമറിച്ച തൃശൂർ മണ്ഡലം ആർക്കൊപ്പമെന്ന ചോദ്യത്തിൻ്റെ ഉത്തരമിപ്പോഴും സസ്പെൻസാണ്.
തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശ്ശൂരിലെ പോരാട്ടം ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നത് പ്രധാനമന്ത്രി മോദിയും, എൻഡിഎയും മണ്ഡലത്തിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയുമായി രംഗത്തിറങ്ങിയതായിരുന്നു. എങ്ങനെയും തൃശൂരിൽ ജയിച്ചു കയറുകയെന്ന ലക്ഷ്യത്തോടെയാണ് എൻഡിഎയും സ്ഥാനാർഥി സുരേഷ് ഗോപിയും മുന്നോട്ട് പോകുന്നത്.
തൃശൂർ പൂരം നടത്തിപ്പിലെ പൊലീസ് ഇടപെടലും, കരുവന്നൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമുൾപ്പടെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിക്കുകയാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും അല്ലാതെയുമായി മൂന്ന് തവണയാണ് മോദി അടുത്തിടെ തൃശൂർ മണ്ഡലത്തിലെത്തിയത്.
കരുവന്നൂരിൽ സിപിഎം പാവങ്ങളുടെ പണം കവരുകയാണന്നും പണം നഷ്‌ടമായ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുമെന്ന പ്രഖ്യാപനവും ഇടത് മുന്നണിയുടെ വോട്ട് ബാങ്കിൽ ഇളക്കം തട്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതിന് തൊട്ടു പിന്നാലെ, എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് കരുവന്നൂർ ബാങ്കിലെ പണം നഷ്‌ട്ടമായ നിക്ഷേപകർക്ക് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത പണം വിതരണം ചെയ്യുന്നതിൽ തടസമില്ലന്ന് വിചാരണ കോടതിയിൽ സത്യമാവാങ്മൂലം നൽകിയത് യാദൃശ്ചികമല്ല.
മോദി ഗ്യാരൻ്റിയെ കുറിച്ച് കേരളത്തിൽ ആദ്യ പ്രഖ്യാപനം നടത്തിയതും തൃശൂരിലായിരുന്നു. പ്രചാരണങ്ങൾ കൊണ്ടും പ്രഖ്യാപനങ്ങൾ കൊണ്ടും ഇടത് വലത് മുന്നണികളെ അട്ടിമറിക്കാൻ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. എന്നാൽ ഇത്തവണ തൃശൂരിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ വിഎസ് സുനിൽ കുമാറിലൂടെ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് ഇടത് മുന്നണി കണക്കുകൂട്ടുന്നത്.
പ്രചാരണ രംഗത്ത് താഴെക്കിടയിലേക്ക് ഇറങ്ങി ബൂത്ത് തലം വരെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഇടത് മുന്നണി നടത്തിയത്. ഏറ്റവും കൂടുതൽ വോട്ടർമാരെ നേരിൽ കണ്ട സ്ഥാനാർഥി താനാണെന്ന് വിഎസ് സുനിൽകുമാർ പറയുന്നു. തൃശൂർ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലന്ന പ്രഖ്യാപനവുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെത്തിയത്.
രാജ്യം നേരിടുന്ന നിർണായക തെരെഞെടുപ്പിൽ വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വിഎസ് സുനിൽ കുമാറിനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയായിരുന്നു അദ്ദേഹം നടത്തിയത്. മുൻ മുഖ്യമന്ത്രി കരുണാകരൻ്റെ മകൾ പത്മജ പോലും ബിജെപിയിലേക്ക് പോയത് കോൺഗ്രസിൻ്റെ ബിജെപി അനുകൂല നിലപാടിൻ്റെ ഭാഗമാണെന്ന് സിപിഎം വ്യാപകമായി മണ്ഡലത്തിൽ പ്രചരിപ്പിച്ചു. ഇതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയും ഇടത് മുന്നണി പ്രതീക്ഷിക്കുന്നു.