കൊല്ലം: മുഖ്യ എതിരാളി ഇടതുപക്ഷം ആണെന്ന് പറയുന്ന രാഹുൽ ഗാന്ധി ഇന്ത്യ സഖ്യത്തിന്‍റെ അടിസ്ഥാന രാഷ്ട്രീയം മറന്നുപോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസ്-ബിജെപി വരവ് തടയുന്നതിന് വേണ്ടി ഇടതുപക്ഷം പാർലമെന്‍റിൽ ഇന്ത്യ സഖ്യത്തിനൊപ്പം കൈ പൊക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം കഴിയുമ്പോൾ ഇന്ത്യ മുന്നണി അതിൻ്റെ വിശ്വസനീയത വീണ്ടെടുത്തുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാഹുൽ ഗാന്ധി പറയുന്നു മുഖ്യ എതിരാളി ഇടതുപക്ഷം ആണെന്ന്. എന്നാൽ ഇന്ത്യ സഖ്യത്തിൻ്റെ ആശയത്തിനുവേണ്ടിയാകും ഇടതുപക്ഷം പാർലമെൻ്റിൽ കൈ ഉയർത്തുകയെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി ഇന്ത്യ സഖ്യത്തിന്‍റെ അടിസ്ഥാന രാഷ്ട്രീയം മറന്നുപോയെന്നും മാധ്യമ സർവേകൾ പണം നൽകിയുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ സർവേകളും കണ്ണ് പൊട്ടന്‍റെ മാവിലേറ് പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സർവേ എല്ലാം വോട്ടർമാരെയും നേരിൽ കണ്ടിട്ടാണ്. നൂറു ശതമാനം വിജയം എൽഡിഎഫിനാണെന്നും, മാധ്യമങ്ങൾ എന്തിനാണ് സർവ്വേകൾക്ക് പ്രാധാന്യം നൽകുന്നതെന്നും ബിനോയ് വിശ്വം ചോദിച്ചു.