തിരുവനന്തപുരം : കേരളത്തിന്‍റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്‍റെയും ബ്രാൻഡ് ചെയ്യുന്നതിന്‍റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഷോ അമേരിക്കയിലാണ് സംഘടിപ്പിക്കുക. കേരള കലകൾ ഓൺലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കുമെന്നു ലോക കേരള സഭ സമ്മേളനത്തിന്‍റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടിയേറ്റവും പ്രവാസവും ലോകം മുഴുവൻ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റവും വർധിക്കാനാണ് സാധ്യത എന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ കൂട്ടിചേർത്തു.
ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന സമൂഹത്തിന് അതിന്‍റെ സംസ്‌കാരവും അസ്ഥിത്വവും നിലനിർത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാവൂ. കേരളീയർ തമ്മിലുള്ള കൂട്ടായ്മകൾ വലിയ തോതിൽ ശക്തിപ്പെടുത്തണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്‌മ ഉണ്ടാവണം. പരസ്‌പരം മത്സരിച്ചു തൊഴിൽ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതൽ ന്യായമായ സമീപനം സ്വീകരിക്കാൻ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും മുൻകൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.