കാസർകോട്:മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെത്തിയ സ്‌ത്രീയെ വിഇഒ പൂട്ടിയിട്ടു. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടിനായി പഞ്ചായത്തിൽ നൽകിയ രേഖകൾ തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് അടുക്കത്ത് ബയൽ സ്വദേശി സാവിത്രിയെ വിഇഒ ഓഫിസിനുള്ളിൽ പൂട്ടിയിട്ടത്. സംഭവത്തിൽ വിഇഒ എം അബ്‌ദുൽ നാസറിനെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന എം അബ്‌ദുൾ നാസറിന്‍റെ പരാതിയിൽ സാവിത്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്. സാവിത്രിയുടെ ദയനീയ അവസ്ഥയെ കുറിച്ച് 'ഇടിവി ഭാരത്' നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. അടുക്കത്ത്ബയൽ കോട്ട വളപ്പിലെ മിത്രനും ഭാര്യ സാവിത്രിയും മക്കളുമാണ് ഉദ്യോഗസ്ഥരുടെ പിഴവ് കാരണം പെരുവഴിയിലായത്. വാസയോഗ്യമല്ലെങ്കിലും മറ്റു മാർഗമില്ലാത്തതിനാൽ മൺ കട്ട കൊണ്ട് നിർമിച്ച വീട്ടിൽ താമസിച്ച് വരികയായിരുന്നു സാവിത്രിയും കുടുംബവും. 2017ൽ ലൈഫ് പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ അടച്ചുറപ്പുള്ള വീട് സ്വപ്‌നം കണ്ട് ഓരോ ദിവസവും തള്ളി നീക്കി.
പഞ്ചായത്തുമായി ബന്ധപ്പെട്ട് രേഖകളും ഇവർ ഹാജരാക്കി. പിന്നാലെ പഞ്ചായത്തിൽ നിന്നും വിഇഒ എത്തി പരിശോധന നടത്തി. പഴയ വീട് പൊളിച്ചു മാറ്റാനുള്ള നിർദേശവും നൽകി. ഇതിനിടയിലാണ് പഞ്ചായത്തിൽ നിന്നും ലൈഫ് പദ്ധതി ലിസ്റ്റിൽ നിങ്ങളില്ലെന്ന അറിയിപ്പ് വന്നത്. ഉൾപ്പെട്ടത് മറ്റൊരു കുടുംബം ആണെന്നും അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥരുടെ പിഴവ് കാരണം ഈ കുടുംബം പെരുവഴിയിലാവുകയായിരുന്നു.