വയനാട് : വൈത്തിരിയിൽ വീട്ടുമുറ്റത്ത് പുള്ളിപ്പുലി. വൈത്തിരി വീട്ടിക്കുന്ന് ഐശ്വര്യ ഭവൻ സുനിലിന്‍റെ വീട്ടിലാണ് പുള്ളിപ്പുലി എത്തിയത്. ഇന്ന് (14-12-2024) പുലർച്ചെ 3.15 ഓടെയാണ് സംഭവം. വളർത്തു പട്ടികൾ കുരക്കുന്ന ശബ്‌ദം കേട്ട് എഴുന്നേറ്റ സുനിലും കുടുംബവും സിസിടിവി പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങളിൽ പുലിയെ കണ്ടത്.
വനംവകുപ്പിനെ വിവരം അറിയിക്കുകയും അവരെത്തി പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് സുനിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെ രാത്രി 8 മണിയോടെ പ്രദേശത്ത് കാട്ടാന എത്തിയിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ആനയെ വിരട്ടി ഓടിച്ചത്. പുലർച്ചെ പട്ടികളുടെ കുര കേട്ടപ്പോൾ ആന വീണ്ടും എത്തിയതാണ് എന്നാണ് സുനിൽ കരുതിയത്.
പുള്ളിപ്പുലിയെ കണ്ടതോടെ സുനിലും ഭാര്യയും മൂന്ന് പെൺകുട്ടികളുമടക്കമുള്ള കുടുംബം ഭയന്നിരിക്കുകയാണ്. കർഷകനായ സുനിൽ ഉൾപ്പെടെ ആകെ മൂന്ന് കുടുംബങ്ങൾ മാത്രമാണ് നിലവിൽ ഈ പ്രദേശത്ത് താമസിക്കുന്നുത്.
മറ്റ് പലരും വന്യമൃഗ ശല്യം കാരണം വീടൊഴിഞ്ഞ് മറ്റിടങ്ങളിലേക്ക് പോയി. രാത്രിയായാൽ വന്യമൃഗ ശല്യം രൂക്ഷമാണ്. ടൗണിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ ഉള്ളിലാണ് വീട്ടിക്കുന്ന് പ്രദേശം.
രണ്ടാഴ്‌ച മുമ്പ് പ്രദേശത്ത് നാട്ടുകാർ കടുവയെ കണ്ടിരുന്നു. ഭയത്തോടെയാണ് ഈ മൂന്ന് കുടുംബവും താമസിക്കുന്നത്. എല്ലാവരും വൈകിട്ട് 6 മണിക്ക് മുമ്പായി വീട്ടിലെത്തും.
വന്യമൃഗ ശല്യം കാരണം തെങ്ങ്, കവുങ്ങ്, വാഴ ഉൾപ്പെടെയുള്ള കൃഷികളൊക്കെ സുനിൽ ഉപേക്ഷിച്ചു. നിലവിൽ പശു, ആട്, കോഴി വളർത്തൽ, പച്ചക്കറി കൃഷി എന്നിവയാണ് ചെയ്‌തു വരുന്നത്.
Also Read:'വയനാടിന് നീതി വേണം'; പാർലമെൻ്റിൽ കേരള എംപിമാരുടെ പ്രതിഷേധം