കണ്ണൂർ:മലയോര മേഖലയായ വെള്ളോറയിലും കരിമണൽ പാറയിലും കോയിപാറയിലും നാട്ടുകാരെയും വനം വകുപ്പിനെയും ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ കണ്മുന്നിലൂടെ ഓടിമറഞ്ഞു. കക്കറ താളിച്ചാൽ കുന്നില്‍വച്ച് ചൊവ്വാഴ്‌ച രാത്രി കാർ യാത്രക്കാരാണ് പുലിയെ കണ്ടത്. നാട്ടുകാരായ ജിനേഷും സജിത്തും യാത്ര ചെയ്യുന്നതിനിടയിലാണ് കാറിനു മുന്നിലൂടെ പെട്ടെന്ന് പുലി ഓടി മറഞ്ഞത്.
പുലിപ്പേടി തുടങ്ങിയിട്ട് ഇതുവരെ ആരും പുലിയെ നേരിട്ട് കണ്ടിരുന്നില്ല. എരമം കുറ്റൂർ പഞ്ചായത്തിലെ ചെമ്പുല്ലാഞ്ഞി, അനിക്കം തുടങ്ങിയ പ്രദേശങ്ങളിലും ചെറുപുഴയിലും പുലിയെ കണ്ടുവെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ ആദ്യം ആരും അത് അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കരിമണൽ കാവിന് സമീപം താമസിക്കുന്ന ജനാർദനന്‍റെ വളർത്തുനായയെ കാണാതായി. ഇതോടെയാണ് സംഗതി കാര്യമാകുന്നത്.
നായയെ കാണാതായ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. തളിപ്പറമ്പ് ഫോറസ്റ്റ് ഓഫിസറും സംഘവും എത്തി പരിശോധന നടത്തിയതോടെ കുറ്റിക്കാട്ടിൽ നായയെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി. ഇതോടെയാണ് വനം വകുപ്പ് പരിശോധന വിപുലീകരിച്ചത്. കൂടുതൽ പരിശോധന നടത്തിയപ്പോൾ പുലിയുടെകാൽപ്പാടും വിസർജ്യവും കണ്ടെത്തി.