വയനാട്:ലെബനൻ പേജര്‍ സ്ഫോടനത്തില്‍ കുറ്റാരോപിതനായ മലയാളി യുവാവ് റിൻസൺ ജോസിന്‍റെ കുടുംബ പശ്ചാത്തലം പരിശോധിച്ച് പൊലീസ്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാധാരണ ഗതിയില്‍ നടത്തുന്ന പരിശോധനയായിരുന്നു നടത്തിയതെന്നും സംഭവുമായി ബന്ധപ്പെട്ട് പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
റിൻസണിന്‍റെ കുടുംബം താമസിക്കുന്ന മാനന്തവാടിക്ക് സമീപമുള്ള പ്രദേശത്ത് നേരത്തെ പട്രോളിങ് നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റിൻസണിന്‍റെ കുടുംബം സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, പേജര്‍ സ്ഫോടനത്തില്‍ അന്വേഷണം നേരിടുന്ന റിൻസണ് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 'നമ്മുടെ നാടിൻ്റെ മകനാണ്, അവൻ ഒരു മലയാളിയാണ്, എന്ത് വിലകൊടുത്തും റിൻസണും കുടുംബത്തിനും സംരക്ഷണം നൽകണം' എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് റിൻസണിന് പിന്തുണ അറിയിച്ചത്.