കാസർകോട് : കുഴിമന്തി ചലഞ്ചിന് പിന്നാലെ കാസര്‍കോട്ട് വിവാദമായി എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്‌ണന്‍റെ പ്രചാരണ വീഡിയോ. തളങ്കരയിൽ രാജ്‌മോഹൻ ഉണ്ണിത്താനെ പോലെ തോന്നിക്കുന്ന ഒരാൾ പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. തളങ്കരയിലേക്ക് പോകുന്നതിന് മുമ്പ് സ്ഥാനാര്‍ഥി കയ്യിലെ ചരട് മുറിച്ച് മാറ്റുന്നതും കുറി മായ്‌ക്കുന്നതും മുണ്ട് ഇടത്തേക്ക് ഉടുക്കുന്നതും വീഡിയോയിലുണ്ട്. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലമാണ് തളങ്കര.
വീഡിയോ മണ്ഡലത്തിലെ മത സൗഹാർദം തകർക്കുമെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും പ്രതികരിച്ചു. എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്‌ണന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്.