ഇടുക്കി : തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷം. തൊടുപുഴ-പുലിയൻമല റോഡിൽ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് ജില്ല കലക്‌ടർ അറിയിച്ചു. ഇതുവഴി എത്തുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.
അശോക ജങ്ഷൻ മുതൽ ചെറുതോണി വരെ യാത്ര ചെയ്യരുതെന്ന് ജില്ല കലക്‌ടർ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് കഴിഞ്ഞ ദിവസം കലക്‌ടർ ഉത്തരവിറക്കിയിരുന്നു. മലയോര മേഖലകളിൽ മാത്രമല്ല ജില്ലയിലാകെ രാത്രി യാത്രയ്‌ക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കലക്‌ടർ അറിയിച്ചു.
ഇതിനിടെ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിലെ കുളമാവിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞ് വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും മരം വെട്ടി നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടത്തിയിരുന്നു. തൊടുപുഴ-ഇടുക്കി റോഡിൽ കരിപ്പാലങ്ങാട് കാറിന് മുകളിലേക്ക് മരം വീണു. നിലവിൽ ഈ റോഡിൽ ഗതാഗത തടസം നേരിടുന്നുണ്ട്. മരം മുറിച്ചു നീക്കി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.