കണ്ണൂർ: ആലക്കോട് സ്വദേശി വരുൺ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ഇഎൻടി ഡോക്‌ടറെ കാണാൻ ഒപി ടിക്കറ്റ് എടുക്കാൻ ക്യൂവിൽ നിന്നത് രാവിലെ 8 മണിക്ക് ആണ്. 50 ൽ അധികം പേർ ക്യൂവിൽ ഉണ്ട്. 9 മണി പിന്നിട്ടിട്ടും 25 പേർ പോലും അനങ്ങാത്ത സാഹചര്യത്തിൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ ആണ് മറ്റ് ബില്ലിങ്ങുകൾ അടക്കേണ്ടതും ഇതേ കൗണ്ടറിൽ ആണെന്ന് തിരിച്ചറിയുന്നത്. എങ്കിലും ക്ഷമിച്ചു നിന്ന് 9.30 ഓടെ ടോക്കൺ എടുത്ത് ഡോക്‌ടറുടെ ക്യാബിനിൽ കയറി.
ചികിത്സയ്ക്ക് ശേഷം ഓഡിയോളജി ടെസ്‌റ്റിന് വേണ്ടി നിർദേശിച്ചതോടെ വരുൺ വീണ്ടും കുടുങ്ങി. നേരത്തെ നിന്ന അതേ നിരയിൽ 60 ഓളം പേർ വരിയിൽ നിൽക്കുന്നു. അവിടെ ബില്ലടച്ച് ടെസ്‌റ്റ് ചെയ്യണമെങ്കിൽ ഏതാണ്ട് 11.30 എങ്കിലും ആകും. ഇതോടെ വരി നിൽക്കല്‍ അവസാനിപ്പിച്ച് അയാൾ ചികിത്സ ഒഴിവാക്കി മടങ്ങി. ഇങ്ങനെയുളള ആശുപത്രിയിൽ എങ്ങനെയാണ് പാവങ്ങൾ ചികിത്സ തേടുകയെന്ന് വരുൺ ചോദിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒപി ടിക്കറ്റ് എടുക്കാനുളള സമയം ഒരു മണി വരെയാണ്. ഒരാൾക്ക് ഇത്രയേറെ സമയം എടുക്കുന്നുവെങ്കിൽ എങ്ങനെയാണ് ജനങ്ങൾക്ക് ഇത് ഉപകാരം ആവുക. കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജിലെ അനാസ്ഥ ദിനംപ്രതി വർധിക്കുകയാണ്.
മാസങ്ങൾക്ക് മുൻപ് നിരവധി ഹൃദയ ശസ്‌ത്രക്രിയകൾ മുടങ്ങിയ വാർത്ത ഏറെ വിവാദമായിരുന്നു. ശസ്‌ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 26 രോഗികളെ തിരിച്ചയക്കുകയായിരുന്നു. കാത്ലാബിലെ യന്ത്രത്തകരാറാണ് ചികിത്സ നിലയ്ക്കാൻ കാരണമായത്.
സംഭവം വിവാദമായതോടെ പ്രതിസന്ധി താത്‌കാലികമായി പരിഹരിക്കുകയായിരുന്നു. ബൈപ്പാസ് ശസ്‌ത്രക്രിയയ്ക്കായി പരിയാരം മെഡിക്കൽ കോളജിൽ രണ്ട് തിയറ്ററുകളാണുള്ളത്. പരിയാരം മെഡിക്കൽ കോളജിനെ അവഗണിക്കുന്ന സർക്കാർ നടപടികൾക്കെതിരെ പ്രതിപക്ഷ സംഘടനകളും സമരം ശക്തമാക്കിയതോടെയാണ് നിയമസഭയിൽ ഉൾപ്പെടെ മന്ത്രി അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും എന്ന പ്രഖ്യാപനം നടത്തിയത്.
പാഴാകുന്ന കോടികൾ:
ഹൃദയാലയത്തിൽ പുതിയ കാത് ലാബ് സ്ഥാപിക്കാനായി പ്ലാൻ ഫണ്ടിൽ നിന്ന് അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. 2009ൽ സ്ഥാപിച്ച രണ്ട് ലാബുകളാണ് ഉണ്ടായിരുന്നത്. അത് ഡികമ്മിഷൻ ചെയ്യും. പകരം പുതിയത് സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. കിഫ്ബി ഫണ്ട് കൂടാതെ 136 കോടി രൂപ പ്ലാൻ ഫണ്ടിൽ നിന്നും 500 കോടി രൂപ നോൺ പ്ലാൻ ഫണ്ടിൽ നിന്നും മെഡിക്കൽ കോളജിൻ്റെ വികസന പ്രവർത്തനത്തിനായി ചെലവഴിച്ചിട്ടുണ്ട്. ആശുപത്രി ഏറ്റെടുത്തപ്പോൾ 400 കോടി രൂപയാണ് സംസ്ഥാന സർക്കാർ വായ്‌പയിൽ അടച്ചുതീർത്തത്.
മന്ത്രിമാരുടെ ഓരോ സന്ദർശനവേളയിലും പരിയാരം മെഡിക്കൽ കോളജിൻ്റെ വികസന സാധ്യതകളെപ്പറ്റി പറയുമ്പോഴും എന്നും പരിയാരം മെഡിക്കൽ കോളജ് പ്രതിസന്ധിയുടെ നടുക്കടലിലാണ്. ഇന്ന് ആശുപത്രി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പാമ്പുകളുടെ കടന്നു കയറലാണ്. ആശുപത്രി കെട്ടിടത്തിന് ചുറ്റുമുള്ള കാടുകൾ വൃത്തിയാക്കാത്തത് കാരണമാണ് ആശുപത്രിയുടെ ലാബിലേക്കും മുറികളിലേക്കും ഇഴജന്തുക്കൾ കടന്ന് കയറുന്നത്.
ഇത് നവീകരിക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല എന്ന് ജനങ്ങൾ ആരോപിക്കുന്നു. ഓരോ വിഭാഗത്തിലും ടോക്കൺ കൗണ്ടറും ക്യാഷ് കൗണ്ടറും വേണ്ടിടത്താണ് നാലും അഞ്ചും കൗണ്ടറുകൾ കൊണ്ട് ഇത്രയും വലിയ സർക്കാർ ആശുപത്രി പ്രവർത്തിക്കുന്നത് എന്നുള്ളത് ഇതിൻ്റെ പ്രതിസന്ധിയുടെ ആക്കം വർധിപ്പിക്കുന്നു.
Also Read:നവജാത ശിശുക്കളുടെ വാർഡിന് മുൻപിൽ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ; സംഭവം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ