തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നേരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന കമ്മിറ്റി. കേന്ദ്ര മന്ത്രിയുടെ സമീപനത്തിനെതിരെ യൂണിയൻ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. വഖഫ് വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ സ്വകാര്യ ചാനലിലെ റിപ്പോര്‍ട്ടറിനോട് സുരേഷ് ഗോപി കയര്‍ത്തു സംസാരിച്ചതിന് പിന്നാലെയാണ് കടുത്ത പ്രതിഷേധം അറിയിച്ച് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ രംഗത്തെത്തിയത്.
മാധ്യമങ്ങൾക്കു നേരെയുള്ള വിരട്ടൽ സുരേഷ് ഗോപി അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമാണ്. സിനിമയിൽ പണ്ട് കൈയടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ടെന്നും കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും പത്രപ്രവര്‍ത്തക യൂണിയൻ ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക