ശ്രീഹരിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ (ETV Bharat) കോട്ടയം:കുവൈറ്റ് ദുരന്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി പി ശ്രീഹരി, പായിപ്പാട് സ്വദേശി ഷിബു വർഗീസ് എന്നിവരുടെ സംസ്‌കാരം ഇന്ന്. തുരുത്തി യൂദാപുരം സെന്‍റ് ജൂഡ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ശ്രീഹരിയുടെ മൃതദേഹം ഇന്ന് രാവിലെ 9നാണ് ഇളങ്കാവ് കിഴക്കേടത്ത് വസതിയിൽ എത്തിച്ചത്. പൊതുദർശനത്തിന് ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. കുവൈറ്റിൽ ഉണ്ടായിരുന്ന അച്ഛൻ പ്രദീപ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു.
പുഷ്‌പഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷിബു വർഗീസിൻ്റെ മൃതദേഹം ഇന്ന് രാവിലെ പത്തിനാണ് വീട്ടിലെത്തിച്ചത്. ഇടവക പള്ളിയായ സെന്‍റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി പൊതുദർശനത്തിന് വയ്‌ക്കും. 2.30ന് ശുശ്രൂഷകളോടെ മൃതദേഹം സെമിത്തേരിയിൽ സംസ്‌കരിക്കും.
അതേസമയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബുവിൻ്റെ സംസ്‌കാരം
തിങ്കളാഴ്‌ചയാണ് നടക്കുക. സ്റ്റെഫിൻ്റെ സഹോദരൻ ഇന്നലെ രാത്രി കുവൈറ്റിൽ നിന്നും നാട്ടിലെത്തി. ഇരുവരും ഒരേ കമ്പനിയിലായിരുന്നു ജോലി ചെയ്‌തിരുന്നതെങ്കിലും താമസം രണ്ടിടങ്ങളിൽ ആയിരുന്നു.
തിങ്കളാഴ്‌ച രാവിലെ 7ന് മാന്നാനം ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹം പേരാമ്പ്ര കുന്നിലെ വീട്ടിലും തുടർന്ന് ഒൻപതിന് സെന്‍റ് മേരിസ് സിംഹാസന പള്ളിയുടെ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്‌ക്കും. 1.30ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. 2.30ന് ഐപിസി ബഥേൽ സഭയുടെ ഒമ്പതാം മൈലിലുള്ള സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക.
ALSO READ:കുവൈറ്റ് ദുരന്തം ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും : കെജി എബ്രഹാം