കാസർകോട്: പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ട് നാട് തേങ്ങി. കുവൈറ്റിൽ തീപിടിത്തത്തിൽ മരണമടഞ്ഞവർക്ക് കണ്ണീരിൽ കുതിർന്ന വിട നൽകി ജന്മനാട്. ചെർക്കള സ്വദേശി രഞ്ജിത്ത്, സൗത്ത് തൃക്കരിപ്പൂർ സ്വദേശി കേളു എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നലെ രാത്രിയോടെയാണ് പൂര്‍ത്തിയായത്.
കുടുംബത്തിന്‍റെ ബാധ്യത മുഴുവൻ ചുമലിലേറ്റി 10 വർഷം മുൻപ് പ്രവാസിയായവനാണ് കെ രഞ്ജിത്ത്. പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാൻ നൂറ് കണക്കിന് ആളുകളാണ് ചെർക്കള കുണ്ടടുക്കത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മൃതദേഹം എത്തുന്നത്തിന് മണിക്കൂറുകൾക്ക് മുൻപ് സുഹൃത്തുക്കളെയും ബന്ധുക്കളെയും കൊണ്ട് വീട് നിറഞ്ഞു.
രാത്രി എട്ടരയോടെ രഞ്ജിത്തിനെയും വഹിച്ച് ആംബുലൻസ് എത്തിയതോടെ കാത്ത് നിന്നവരുടെ കണ്ണുകൾ നിറഞ്ഞു. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു ജില്ല കലക്‌ടര്‍ കെ ഇമ്പശേഖർ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ എന്നിവരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിനാളുകളും അന്ത്യാഞ്ജലിയർപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനൊടുവിൽ ചെർക്കള കുണ്ടടുക്കത്തെ വീടിന് സമീപത്തെ കുടുംബ ശ്‌മശാനത്തിൽ രഞ്ജിത്തിന് അന്ത്യ വിശ്രമം.