തിരുവനന്തപുരം :യാത്രക്കാരൻ അന്നദാതാവാണെന്ന പരിഗണന നല്‍കണമെന്ന് കെഎസ്ആർടിസി ജീവനക്കാർക്ക് എംഡി പ്രമോജ് ശങ്കറിന്‍റെ നിർദേശം. രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് മിന്നല്‍ ഒഴികെയുള്ള എല്ലാത്തരം ബസുകളും സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലോ ബസ് സ്‌റ്റോപ്പുകളിലോ സുരക്ഷിതമായി നിര്‍ത്തി ഇറക്കണമെന്നും ജീവനക്കാർക്ക് നിർദേശം നൽകി.
കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ നിന്നും ബസുകള്‍ എടുക്കുമ്പോഴും, ബസ് സ്‌റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന വേളകളിലും, സ്‌റ്റോപ്പുകളില്‍ നിന്നും ബസെടുക്കുമ്പോഴും ബസില്‍ കയറാന്‍ കൈ കാണിക്കുന്ന എല്ലാ യാത്രക്കാരെയും നിര്‍ബന്ധമായും കയറ്റിയിരിക്കണമെന്നും പ്രമോജ് ശങ്കർ ജീവനക്കാർക്ക് നിർദേശം നൽകി.
യാത്രക്കാര്‍ക്ക് മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ സൃഷ്‌ടിക്കേണ്ടത് കെഎസ്ആര്‍ടിസിയുടെ കടമയാണെന്നും സ്ത്രീകളോടും കുട്ടികളോടും വയോജനങ്ങളോടും ഭിന്നശേഷിയുള്ളവരോടും അന്തസും ആദരവും നിറഞ്ഞ സമീപനം ജീവനക്കാർ സ്വീകരിക്കണം എന്നും നിര്‍ദേശത്തിലുണ്ട്. യാത്രക്കാരാണ് യജമാനന്‍മാർ എന്നുള്ള പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണം. ഇതിന്‍റെ ഭാഗമായി പ്രമോജ് ശങ്കർ ജീവനക്കാർക്ക് 10 നിർദേശങ്ങൾ പുറപ്പെടുവിച്ചു.
നിർദേശങ്ങൾ ഇങ്ങനെ :
- കോര്‍പ്പറേഷന്‍റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനമാണ് ഏറ്റവും പ്രധാന വരുമാന സ്രോതസ്. അതിനാല്‍ ഓരോ ചെറിയ തുകയും വളരെ പ്രധാനപ്പെട്ടതാണ്. വഴിയില്‍ നിന്നും കൈകാണിക്കുന്ന യാത്രക്കാരന്‍ അന്നദാതാവാണ് എന്ന പരിഗണന നല്‍കണം. കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ നിന്നും ബസുകള്‍ എടുക്കുമ്പോഴും, ബസ് സ്‌റ്റേഷനില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്ന വേളകളിലും, സ്‌റ്റോപ്പുകളില്‍ നിന്നും ബസെടുക്കുമ്പോഴും ബസില്‍ കയറുവാന്‍ കൈ കാണിക്കുന്ന എല്ലാ യാത്രക്കാരെയും നിര്‍ബന്ധമായും കയറ്റിയിരിക്കണം. കെഎസ്ആര്‍ടിസി/കെഎസ്ആര്‍ടിസി സ്വിഫ്റ്റ് - സൂപ്പര്‍ ഫാസ്‌റ്റ് വരെയുള്ള എല്ലാ സര്‍വീസുകളിലും സീറ്റ് ലഭ്യതയുണ്ടെങ്കില്‍ യാത്രാമധ്യേ യാത്രക്കാര്‍ കൈ കാണിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും അപകടരഹിതമായും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റി കൊണ്ടുപോകണം.
- രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്ന മാന്യയാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി രാത്രി 10.00 മണി മുതല്‍ രാവിലെ 06.00 മണി വരെ സൂപ്പര്‍ഫാസ്‌റ്റ് വരെയുള്ള സര്‍വീസുകള്‍ ക്ലാസിന്‍റെ സ്‌റ്റോപ്പ് പരിഗണിക്കാതെ ദീര്‍ഘദൂര യാത്രക്കാരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെ ബസ് സ്‌റ്റോപ്പുകളില്‍ നിര്‍ത്തി സുരക്ഷിതമായി ഇറക്കണം.
- രാത്രി 08.00 മണി മുതല്‍ രാവിലെ 06.00 മണി വരെ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് മിന്നല്‍ ഒഴികെയുള്ള എല്ലാത്തരം ബസുകളും സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍/ബസ് സ്‌റ്റോപ്പുകളില്‍ സുരക്ഷിതമായി നിര്‍ത്തി ഇറക്കണം.
- ബസില്‍ കയറുവാനും ഇറങ്ങുവാനും ബുദ്ധിമുട്ടുന്നവര്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാർ, കുട്ടികള്‍ എന്നിവരെ ബസില്‍ കയറുവാനും ഇറങ്ങുവാനും കണ്ടക്‌ടര്‍മാര്‍ സഹായിക്കണം.
- വൃത്തിയും ശുചിത്വവും ഉള്ളതും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലെറ്റുകളും ലഭ്യമായതുമായ ഹോട്ടലുകളില്‍ മാത്രമേ ബസുകള്‍ നിർത്താൻ പാടുള്ളൂ. ഇത്തരത്തില്‍ നിര്‍ത്തുന്ന സ്ഥലം, സമയം എന്നിവ അടങ്ങിയ ഷെഡ്യൂള്‍ യാത്രക്കാര്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കണം.
- ടിക്കറ്റ് പരിശോധനാവേളയില്‍ കണ്ടക്‌ടര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്‌ചകള്‍ (ഉദാ:- യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതിരിക്കുക, തുക വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാതിരിക്കുക, മോശമായ പെരുമാറ്റം തുടങ്ങിയവ) ശ്രദ്ധയില്‍പ്പെട്ടാൽ ജീവനക്കാരനെതിരെ കര്‍ശനനടപടി സ്വീകരിക്കും.
- ഡ്യൂട്ടിയ്ക്ക് എത്തുന്ന മുഴുവന്‍ ഡ്രൈവര്‍മാരെയും വനിതകള്‍ ഒഴികെയുള്ള കണ്ടക്‌ടര്‍മാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ. ഡ്യൂട്ടിയ്ക്ക് എത്തുന്ന ജീവനക്കാര്‍ സ്‌റ്റേഷന്‍മാസ്‌റ്റര്‍ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്‌ത് പരിശോധനയ്ക്ക് വിധേയമാകേണ്ടതും ഇരു ജീവനക്കാരുടെയും ബ്രീത്ത് അനലൈസര്‍ റീഡിങ് വേബില്ലില്‍ രേഖപ്പെടുത്തണം. ഇത് ഡ്യൂട്ടിയിലുള്ള ഷെഡ്യൂള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍/സ്‌റ്റേഷന്‍മാസ്‌റ്റര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം.
- ഒരേ റൂട്ടിലേക്ക് ഒന്നിന് പുറകെ ഒന്നായി കോണ്‍വോയ് അടിസ്ഥാനത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുന്ന പ്രവണത ഒഴിവാക്കണം. ഇത്തരം സാഹചര്യം തുടര്‍ച്ചയായി ഉണ്ടായാല്‍ ജീവനക്കാര്‍ വിവരം ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിക്കണം. റോഡില്‍ പരമാവധി ഇടതുവശം ചേര്‍ത്ത് തന്നെ ബസ് ഒതുക്കി നിര്‍ത്തുന്നതിനും, റോഡിന്‍റെ ഇരുവശങ്ങളിലും സമാന്തരമായി പാര്‍ക്ക് ചെയ്‌ത് മാര്‍ഗതടസം സൃഷ്‌ടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.
- ബസ് ഓടിക്കുമ്പോള്‍ നിരത്തില്‍ ഒപ്പമുള്ള ചെറുവാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും കരുതലോടെ കാണേണ്ടതും ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള ചിന്ത ഓരോ നിമിഷവും നാം ഓരോരുത്തര്‍ക്കും ഉണ്ടാകണം. അപകടത്തിന് ഉത്തരവാദിത്വം ഇല്ല എന്നതിനേക്കാള്‍ അപകടം ഒഴിവാക്കുവാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
- ഓരോ ജീവനക്കാരും യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പരാതികളില്‍/ബുദ്ധിമുട്ടുകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തേണ്ടതും പരിഹരിക്കാന്‍ നിയമാനുസൃതമായി സാധ്യമാകുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തുടര്‍ന്ന് എല്ലാ സംരക്ഷണവും കോര്‍പ്പറേഷന്‍ ഒരുക്കും.
ALSO READ : 'സീറോ അപകടങ്ങൾ' ലക്ഷ്യമിട്ട് കെഎസ്ആർടിസി; കര്‍മ്മപദ്ധതിയ്‌ക്ക് രൂപം നല്‍കി