കോഴിക്കോട് :കുറ്റിക്കാട്ടൂരില്‍ കടവരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിയുടെ പ്രാഥമിക പരിശോധന വിവരം പുറത്ത്. മരിച്ച മുഹമ്മദ് റിജാസ് കയറിനിന്ന കടയിലെ വയറിങ്ങിലും സര്‍വീസ് വയറിലും ചോര്‍ച്ചയുണ്ടായിരുന്നു എന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തല്‍.
നല്ല മഴ പെയ്‌തുകൊണ്ടിരുന്ന സമയത്താണ് റിജാസ് കടവരാന്തയില്‍ കയറി നിന്നത്. ഈ സമയത്ത് കടയുടെ മുകളിലെ മരച്ചില്ലകളില്‍ നിന്ന് സര്‍വീസ് വയര്‍ കടയുടെ തകരഷീറ്റില്‍ തട്ടിയെന്നാണ് അനുമാനിക്കുന്നത്. അതുവഴി കറൻ്റ് തൂണിലുമെത്തിയിട്ടുണ്ടാവും.കടയുടെ വയറിങ്ങില്‍ പ്രശ്‌നമുള്ളതിനാല്‍ രാത്രി പ്രവർത്തിച്ച ബൾബിന്‍റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചിട്ടുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്. ഈ രണ്ട് പ്രാഥമികമായ അനുമാനങ്ങളാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്.
തലേന്ന് പകല്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതാണ്. എന്നാല്‍ അപ്പോള്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ മൊഴിയെടുത്ത ശേഷം അന്തിമ റിപ്പോര്‍ട്ട് വൈദ്യുത മന്ത്രിക്ക് കൈമാറും.