കേരളം

kerala

മുഹമ്മദ് മാമി തിരോധാനം; കേസ് ക്രൈം ബ്രാഞ്ചിന്, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും - REAL ESTATE TRADER MISSING CASE

By ETV Bharat Kerala Team

Published : Sep 7, 2024, 12:46 PM IST

സിബിഐക്ക് വിടണമെന്ന് കുടുംബവും കേസന്വേഷിച്ച പൊലീസ് സംഘവും ശുപാർശ ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്നായിരുന്നു ഡിജിപി പറഞ്ഞത്.

MUHAMMED MAMI MISSING CASE  മുഹമ്മദ് മാമി തിരോധാനം  KOZHIKODE  KERALA POLICE
Muhammed Mami (ETV Bharat)

മുഹമ്മദിൻ്റെ സഹോദരി റംല ഇടിവി ഭാരതിനോട് (ETV Bharat)

കോഴിക്കോട് :റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിൻ്റെ തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകി. സിബിഐക്ക് വിടണമെന്ന് കുടുംബവും കേസന്വേഷിച്ച പൊലീസ് സംഘവും ശുപാർശ ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്നാണ് ഡിജിപി കൈക്കൊണ്ട നിലപാട്. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മാമിയുടെ കുടുംബം പ്രതികരിച്ചു.

'കേരള പൊലീസിൽ ഇപ്പോഴും വിശ്വാസമുണ്ട്. ക്രൈം ബ്രാഞ്ച് ഒരു സ്വതന്ത്ര ഏജൻസിയാണ്. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ഇടപെടലിലാണ് അവിശ്വാസം ഉണ്ടായിരുന്നത്. നേരത്തെയും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാരിൽ ധാരണയായിരുന്നതാണ്. എന്നാൽ അവസാന നിമിഷം അട്ടിമറിക്കപ്പെട്ടു.

'ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറങ്ങും മുമ്പ് തിടുക്കത്തിൽ എഡിജിപി പ്രത്യേക അന്വേഷണത്തെ നിയോഗിക്കുകയായിരുന്നു. ഇതിന് പിന്നിൽ എഡിജിപി എം ആർ അജിത് കുമാറാണ്. ക്രൈം ബ്രാഞ്ച് അന്വേഷണം നീതിയുക്തമല്ലെങ്കിൽ സിബിഐ അന്വേഷണത്തിന് സമ്മർദം ചെലത്തും. മാമി കേസിൽ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ കുടുംബം ഇതിന് പിന്നിൽ ഉണ്ടാകും.' -സഹോദരി റംല പറഞ്ഞു.

മുഹമ്മദിൻ്റെ തിരോധാനത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ ബന്ധപ്പെടുത്തിയുള്ള ഗുരുതര ആരോപണം പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചതിന് പിന്നാലെയാണ് വിഷയം വീണ്ടും വലിയ ചർച്ചയായത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. കേസ് സിബിഐക്ക് കൈമാറാമെന്ന റിപ്പോര്‍ട്ട് കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ഡിജിപിക്ക് നൽകിയതെന്നാണ് മലപ്പുറം എസ്‌പി ശശിധരന്‍ പ്രതികരിച്ചിരുന്നത്.

കോഴിക്കോട്ടെ വൻകിട വസ്‌തു ഇടപാടുകള്‍ നടത്തിയിരുന്ന ആളാണ് മാമി എന്ന മുഹമ്മദ് ആട്ടൂർ. 2023 ഓഗസ്റ്റ് 21 ന് ആണ് ഇദ്ദേഹത്തെ കാണാതായത്. കേരളത്തിനകത്തും പുറത്തുമുള്ള ഇടനിലക്കാരുമായി ബന്ധമുള്ള മാമി അരയിടത്തുപാലത്തെ ഓഫിസില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. നടക്കാവ് പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. ഇത് കാര്യക്ഷമമല്ലെന്ന ആക്ഷേപം കുടുംബം തുടക്കം മുതൽ ഉന്നയിച്ചിരുന്നു.

കോഴിക്കോട് കമ്മിഷണറുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് മലപ്പുറം എസ്‌പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് എ‍ഡി‍ജിപി എം ആര്‍ അജിത് കുമാര്‍ കൈമാറിയത്. ഒരു വർഷമായിട്ടും കേസിൽ ഒരു തുമ്പും ലഭിക്കാതിരുന്നപ്പോൾ എഡിജിപിയുടെ അറിവോടെ തന്നെ മാമിയെ കൊന്നതാവാം എന്ന അൻവറിൻ്റെ പരസ്യ പ്രതികരണമാണ് അന്വേഷണത്തെ ചൂടുപിടിപ്പിച്ചത്.

Also Read:പീരുമേട്ടിലെ യുവാവിന്‍റെ മരണം കൊലപാതകം; കൊന്നത് സഹോദരൻ, അമ്മയും പിടിയിൽ

ABOUT THE AUTHOR

...view details