കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനത്തിനിരയായ അതിജീവിത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകി. അധികൃതരിൽ നിന്നും പൊലീസിൽ നിന്നും നേരിടുന്ന അവഗണനയും നിഷേധാത്മക സമീപനവുമാണ് പരാതിക്ക് കാരണം. ഐസിയുവിൽ അതിക്രമം നടന്ന വിവരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ അറിയിച്ചിട്ടും സഹായിക്കാൻ തയ്യാറാവാത്തതും സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുൻപിൽ തെരുവിൽ സമരത്തിന് ഇരിക്കേണ്ടിവന്നതും വരെയുള്ള കാര്യങ്ങളാണ് പരാതിയിൽ പ്രതിപാദിക്കുന്നത്.
കൂടാതെ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ച അഞ്ച് ജീവനക്കാരെയും പ്രതിയെയും സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. തന്നെ പരിശോധിക്കാൻ എത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതി തന്‍റെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തുകയോ ശാസ്ത്രീയ പരിശോധന നടത്തുകയോ ചെയ്‌തിട്ടില്ല.
ഡോക്‌ടർ പ്രീതിക്കെതിരായി സിറ്റി പൊലീസ് കമ്മിഷണർ രാജപാൽ മീണക്ക് പരാതി നൽകിയെങ്കിലും ആദ്യ ഘട്ടത്തിൽ യാതൊരുവിധ അന്വേഷണവും നടന്നിട്ടില്ല. നിരന്തര സമ്മർദങ്ങൾക്ക് ശേഷമാണ് എസിപിയെ അന്വേഷിക്കാൻ ഏൽപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ കമ്മീഷണറുടെ അടുത്തെത്തുമ്പോൾ അപമാനിക്കുകയും സ്ത്രീവിരുദ്ധവും നീതി നിഷേധവുമായ പെരുമാറ്റവുമാണ് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.