കോഴിക്കോട്:മിനി ബൈപ്പാസിൽ ആസ്റ്റർമിംസ് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട ആംബുലൻസ് അപകടത്തിൽപ്പെട്ട് കത്തി രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശിനിയായ സുലോചന (58) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3:50 മണിയോട് കൂടിയായിരുന്നു അപകടം.
ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം - Kozhikode ambulance accident - KOZHIKODE AMBULANCE ACCIDENT
ശക്തമായ മഴയിൽ നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലും തൊട്ടടുത്തുള്ള ആളൊഴിഞ്ഞ ബിൽഡിങ്ങിലും ഇടിക്കുകയായിരുന്നു.
Published : May 14, 2024, 6:38 AM IST
|Updated : May 14, 2024, 9:10 AM IST
മുടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ നിന്നും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസിലേക്ക് ഇവരെ ആംബുലൻസിൽ കൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായത്. ശക്തമായ മഴയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും തൊട്ടടുത്തുള്ള ആളൊഴിഞ്ഞ ബിൽഡിങ്ങിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടം ഉണ്ടായ സമയത്ത് തന്നെ ആംബുലൻസിന്
തീപിടിച്ചു.
അപകട സമയം രോഗിയടക്കം ഏഴ് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് ആദ്യം ഓടിയെത്തിയ പരിസരവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തി
തീയണച്ചു. എന്നാൽ ആംബുലൻസിനകത്ത് കുടുങ്ങിയ രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല.