തിരുവനന്തപുരം: 2021 നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കത്തി നിന്ന കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തലുണ്ടായതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി. ബിജെപിയുടെ മുൻ തൃശൂർ ജില്ല ഓഫിസ് സെക്രട്ടറി തിരൂർ സതീശിന്‍റെ വെളിപ്പെടുത്തലുകളാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്.
കുഴൽപണമായി എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണെന്നും നേതൃത്വത്തിന്‍റെ അറിവോടെ തന്നെയാണ് പണം എത്തിച്ചതെന്നും തുടങ്ങി നിര്‍ണായക വിവരങ്ങളാണ് തിരൂര്‍ സതീശ് വെളിപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സതീശ് പറഞ്ഞു.
പണം വിതരണം ചെയ്‌തതിന് തന്‍റെ പക്കൽ തെളിവുണ്ടെന്നാണ് ബിജെപി മുൻ ഓഫീസ് സെക്രട്ടറിയായ സതീശ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി തുടങ്ങിയെന്ന പാർട്ടിയുടെ വാദവും സതീഷ് തള്ളി. തൃശൂർ ബിജെപി ഓഫീസിൽ കോടികൾക്ക് കാവൽ നിന്നത് താനാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഓഫീസിലേക്ക് പണം ഒഴുകുന്നുണ്ടെന്നും ബിജെപിയുടെ മുൻ ജില്ല ട്രഷററാണ് കള്ളപ്പണം കൈകാര്യം ചെയ്‌തതെന്നും സതീശ് വെളിപ്പെടുത്തി.
വയനാട് ലോക്‌സഭ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും നവംബർ 13-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം കൊടുംപിരി കൊണ്ടിരിക്കേയാണ് സതീശിന്‍റെ വെളിപ്പെടുത്തല്‍. ബിജെപിയിലെ ഭിന്നതയാണ് വെളിപ്പെടുത്തലിലൂടെ പുറത്തു വന്നതെന്ന് പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ബിജെപി സിപിഎം കൂട്ടുകെട്ട് കാരണം കേസിന്‍റെ അന്വേഷണം എങ്ങുമെത്തിയില്ലെന്നും രാഹുൽ പറഞ്ഞു.
കൊടകര കേസിൽ ഉൾപ്പെട്ട പ്രതികളെ രക്ഷിക്കാൻ കേരളവും കേന്ദ്ര സർക്കാരും കാര്യമായ സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സതീശിനെ രണ്ട് വർഷം മുമ്പ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതാണെന്നും പാർട്ടിക്കെതിരെ പ്രചാരണം നടത്താന്‍ അദ്ദേഹത്തെ സിപിഎം വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നുമാണ് ബിജെപി തൃശൂർ ജില്ല പ്രസിഡന്‍റ് വിഷയത്തില്‍ പ്രതികരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്‍ഡിഎഫും യുഡിഎഫും ബിജെപിക്കെതിരെയുള്ള രാഷ്‌ട്രീയ ആയുധമായി വെളിപ്പെടുത്തലിനെ മാറ്റിക്കഴിഞ്ഞു. കള്ളപ്പണത്തിനെതിരെയും അഴിമതിക്കെതിരെയും നിരന്തരം പ്രസംഗിക്കുന്ന പ്രധാനമന്ത്രി മോദിയുടെ പാര്‍ട്ടിക്കാര്‍ക്കെതിെര ഉയരുന്ന അഴിമതി ആരോപണത്തില്‍ യാതൊരു അന്വേഷണവും കേന്ദ്ര തലത്തില്‍ ഉണ്ടാവാന്‍ പോകുന്നില്ലെന്ന് ഇരുപാർട്ടികളും ഒരേ സ്വരത്തില്‍ പറയുന്നു.
കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും ഇത് കൊടകര കേസായി മാത്രം കാണരുതെന്നും ബിജെപി സംസ്ഥാനത്തുടനീളം നടത്തുന്ന വലിയ കള്ളപ്പണ വിതരണ ശൃംഖലയുടെ ഒരു ചെറിയ കണ്ണി മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം ഒഴുക്കി ബിജെപി തെരഞ്ഞെടുപ്പിന് തുരങ്കം വെക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
'സംസ്ഥാന പൊലീസിന് പരിമിതികളുള്ളതിനാൽ കേസ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാണ് (ഇഡി) അന്വേഷിക്കേണ്ടത്. എന്നാല്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച്, പ്രതിപക്ഷ പാർട്ടികൾക്കെതിരായ കേസുകൾ മാത്രമാണ് ഇഡി അന്വേഷിക്കുന്നത്. ഇഡി ഒരു രാഷ്‌ട്രീയ ഉപകരണമായി മാറിയിരിക്കുന്നു' എന്നും എംവി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. 2021 ഏപ്രിൽ 3 ന് തൃശൂരിലെ കൊടകരയിൽ നടന്ന ഹൈവേ കവർച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എറണാകുളത്തേക്ക് കാറിൽ കടത്തുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പണം കടത്തുന്ന കാറിനെ പിന്തുടര്‍ന്ന ഒരു സംഘം കൊടകരയ്ക്ക് സമീപം വ്യാജ വാഹനാപകടം സൃഷ്‌ടിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി പണം കൊള്ളയടിക്കുകയായിരുന്നു.
Also Read: 'മോദി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് തട്ടിപ്പിലൂടെ'; ഇവിഎമ്മിനെതിരെ തുറന്നടിച്ച് ഖാർഗെ