തൃശൂർ:തിരൂർ സതീഷിന്‍റെ വീട്ടിൽ എത്തിയില്ലെന്ന ശോഭ സുരേന്ദ്രന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത് വിട്ട് തിരൂർ സതീഷ്. ശോഭ സുരേന്ദ്രൻ വീട്ടിലെത്തിയ ചിത്രങ്ങളാണ് തിരൂർ സതീഷ് പുറത്തുവിട്ടത്. ആറുമാസം മുമ്പ് സതീഷിന്‍റെ ഭാര്യയോടും മകനോടുമൊപ്പം വീടിനകത്ത് നിൽക്കുന്ന ചിത്രമാണ് പുറത്തായത്. ചിത്രം വ്യാജമെങ്കിൽ നിയമനടപടി സ്വീകരിക്കാന്‍ തിരൂർ സതീഷ് ശോഭ സുരേന്ദ്രനെ വെല്ലുവിളിച്ചു.
തിരൂർ സതീഷ് തന്‍റെ വീട്ടിലോ താൻ തിരൂർ സതീഷിന്‍റെ വീട്ടിലോ എത്തിയിട്ടില്ലെന്നായിരുന്നു ഇന്നലെ (നവംബർ 3) ശോഭാ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ശോഭയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ഇന്ന് പുറത്തുവന്നു.
ശോഭ സതീഷിന്‍റെ വീട്ടിലെത്തിയതിന്‍റെയും തറവാട്ട് വീട്ടിലെത്തിയതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. ശോഭാ സുരേന്ദ്രൻ തന്‍റെ വീട്ടിൽ വന്നിട്ടുണ്ടെന്നും താനുമായി പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നും സതീഷ് പറഞ്ഞു. തനിക്ക് കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അറിയാമായിരുന്നെന്നും എല്ലാവരോടും അത് തുറന്ന് പറയുമെന്നും പറഞ്ഞപ്പോള്‍ പറഞ്ഞു കൊള്ളാന്‍ ശോഭ സുരേന്ദ്രൻ പറഞ്ഞു.
എല്ലാവരേയും അറിയിക്കേണ്ട സമയമാണെങ്കില്‍ അറിയിക്കാമെന്നും അവര്‍ പറഞ്ഞെന്ന് കഴിഞ്ഞ ദിവസം തിരൂര്‍ സതീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം തന്നെ ശോഭ സുരേന്ദ്രന്‍ നിഷേധിച്ചിരുന്നു. ഇതിനുള്ള തെളിവായാണ് തിരൂര്‍ സതീഷ് ഇപ്പോള്‍ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.