എറണാകുളം :കൊച്ചി ബാര്‍ വെടിവയ്‌പ്പ് കേസിലെ മുഖ്യപ്രതി കോമ്പാറ സ്വദേശി വിനീതില്‍ നിന്നും രണ്ട് തോക്കുകള്‍ പിടിച്ചെടുത്തു. പ്രതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്‌തതില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പൊലീസ് പരിശോധനക്കെത്തിയത്.
ബാര്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത തോക്കും പൊലീസ് പിടികൂടി. 7.65 എംഎം പിസ്റ്റൾ ഉയോഗിച്ചാണ് ജീവനക്കാർക്ക് നേരെ പ്രതി വെടിയുതിർത്തത്. ഇത് ജീവനെടുക്കാൻ കഴിയുന്ന തോക്ക് തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി.
നിരവധി കേസുകളില്‍ പ്രതിയായ വിനീത് ലൈസന്‍സില്ലാതെയാണ് തോക്കുകള്‍ സൂക്ഷിച്ചിരുന്നത്. ഇയാള്‍ക്ക് തോക്ക് കൈമാറിയയാളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമാണ് (Bar Shooting Case).
ഫെബ്രുവരി 11നാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. രാത്രി 11 മണിക്ക് ബാര്‍ അടച്ചതിന് ശേഷമെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടു. ബാര്‍ അടച്ചെന്നും മദ്യം നല്‍കാന്‍ കഴിയില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ബാറിലെത്തിയ അഞ്ചംഗ സംഘം ജീവനക്കാരുമായി തര്‍ക്കമുണ്ടായി. ഇരുഭാഗത്ത് നിന്നും വാക്കേറ്റം തുടരുന്നതിനിടെ സംഘം ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും നിറയൊഴിക്കുകയുമായിരുന്നു.
രണ്ട് ജീവനക്കാര്‍ക്ക് വെടിയേല്‍ക്കുകയും ബാര്‍ മാനേജര്‍ക്ക് മര്‍ദനത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തു. ബാര്‍ ജീവനക്കാരായ സുജിത്, അഖില്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഇരുവരും ചികിത്സയിലാണ് (Guns Seized From Kochi).
ജീവനക്കാരെ മര്‍ദനത്തിന് ഇരയാക്കുകയും വെടിയുതിര്‍ക്കുകയും ചെയ്‌തതിന് പിന്നാലെ അക്രമി സംഘം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും കാറില്‍ രക്ഷപ്പെട്ട സംഘത്തെ തിരിച്ചറിഞ്ഞത് ബാറിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ്.
കേസിലെ മുഖ്യപ്രതിയായ വിനീതിനെ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (ഫെബ്രുവരി 20) പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞ ഇയാള്‍ എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു.
പ്രതികരിച്ച് എസിപി :ബാറില്‍ വെടിവയ്‌പ്പുണ്ടായതിന് പിന്നാലെ തന്നെ മുഖ്യപ്രതി വിനീതിനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുവെന്നും ഒളിവില്‍ പോയ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നുവെന്നും കൊച്ചി എസിപി വികെ രാജു പറഞ്ഞു. സമീപ ജില്ലകളിലായി പ്രതി മാറി മാറി താമസിക്കുകയായിരുന്നു. യാതൊരു മുന്‍വൈരാഗ്യവും ഇല്ലാതെ പൊട്ടെന്നുണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെയാണ് സംഘം ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
കേസില്‍ ഉള്‍പ്പെട്ട പ്രതികളെല്ലാം സ്ഥിരം കുറ്റവാളികളാണെന്നും എസിപി പറഞ്ഞു. കേസില്‍ ഇതുവരെ അറസ്റ്റിലായത് 15 പ്രതികളാണ്. ഇവരില്‍ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍ക്കാണ് കൃതൃത്തില്‍ നേരിട്ട് പങ്കുള്ളത്. മറ്റുള്ളവര്‍ പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയവരാണെന്നും എസിപി വികെ രാജു പറഞ്ഞു.