തിരുവനന്തപുരം:കേരളത്തിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയാണ് ഷാരോൺ വധക്കേസിലെ ഗ്രീഷ്‌മ. പ്രായം പരിഗണിക്കണമെന്നും, പഠിക്കണമെന്നും ഗ്രീഷ്‌മ കോടതിയെ അറിയിച്ചു. എന്നാൽ നിയമം സ്‌ത്രീക്കും പുരുഷനും എന്നും ഒരുപോലെ ആയിരിക്കുമെന്ന് തെളിയിച്ചുകൊണ്ട് ജഡ്‌ജി എഎം ബഷീർ വിധി പറഞ്ഞു. തൂക്കുകയറിൽ കുറഞ്ഞ ശിക്ഷ ഒന്നും ഗ്രീഷ്‌മ അർഹിക്കുന്നില്ലെന്ന് കോടതി വിധിച്ചു.
'ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണ്, സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ സാധിക്കില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകുന്നത്. ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ നൽകരുതെന്ന് നിയമം ഒന്നുമില്ല. ക്രിമിനൽ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാൻ സാധിക്കില്ല' എന്ന് ഗ്രീഷ്‌മയ്ക്ക് തൂക്കുകയർ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു.
ഗ്രീഷ്‌മയ്ക്ക് കൊലക്കയര്‍ വിധിച്ച് കൊണ്ട് ചരിത്രത്തിലേക്ക് നടന്ന് കയറുകയാണ് എഎം ബഷീർ. ഗ്രീഷ്‌മയെ വധശിക്ഷയ്‌ക്ക് വിധിക്കുന്നതിന് മുന്നോടിയായി ഷാരോണിന്‍റെ മാതാപിതാക്കളെ ചേമ്പറിലേക്ക് വിളിച്ചു വരുത്തി അവരുടെ മകന് നീതി നൽകുമെന്ന് എഎം ബഷീർ ഉറപ്പ് നൽകിയിരുന്നു.
അതേസമയം ബഷീറിന്‍റെ വിധി ന്യായത്തിലൂടെ വധശിക്ഷയിലേക്ക് പോകുന്ന ആദ്യ വ്യക്തിയല്ല ഗ്രീഷ്‌മ. ഇതിന് മുമ്പ് മൂന്ന് പേരെ അദ്ദേഹം വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. വിഴിഞ്ഞത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും മകനും മകന്‍റെ സുഹൃത്തിനുമായിരുന്നു എഎം ബഷീർ ആദ്യം തൂക്കുകയര്‍ വിധിച്ചത്.
റഫീക്ക ബീവി എന്ന സ്‌ത്രീയായിരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഇതോടെ എഎം ബഷീര്‍ വധശിക്ഷ നല്‍കിയ രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്‌മ. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് വിചാരണക്കോടതി ഒരു സ്‌ത്രീക്ക് വധശിക്ഷ വിധിക്കുന്നതെന്ന പ്രത്യേകതയും ഷാരോണ്‍ കേസിനുണ്ട്. എന്നാല്‍ 2006 മാര്‍ച്ചിലാണ് കേരളത്തില്‍ ആദ്യമായി ഒരു സ്‌ത്രീയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഏറെ കോളിളക്കം സൃഷ്‌ടിച്ച കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിലായിരുന്നുവിത്.