ഹൈദരാബാദ്: കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഏറ്റവും പുതിയ മോഡലായ കിയ സൈറോസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കിയയുടെ ഇന്ത്യയിലെ ആദ്യത്തെ സബ്-കോംപാക്റ്റ് എസ്‌യുവി ആയ സൈറോസ് 8,99,900 രൂപ പ്രാരംഭവിലയിലാണ് അവതരിപ്പിച്ചത്. 2019 ഡിസംബർ 19ന് വാഹനം പ്രദർശിപ്പിച്ചിരുന്നെങ്കിലും വിപണിയിലിറക്കുന്നത് ഇപ്പോഴാണ്. 2025 ജനുവരി 3ന് പ്രീ ബുക്കിങും ആരംഭിച്ചിരുന്നു.
വ്യത്യസ്‌തമായ ഡിസൈനിലാണ് കിയ സൈറോസ് പുറത്തിറക്കിയത്. ആറ് വേരിയന്‍റുകൾ പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അഞ്ച് വേരിയന്‍റുകളാണ് കിയയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. 8 കളർ ഓപ്‌ഷനുകളിലാവും കാർ ലഭ്യമാവുക. കിയ റിമോട്ട് ഡയഗ്നോസ്റ്റിക്‌സിൽ നിന്നുള്ള ലെവൽ-2 ADAS സ്യൂട്ടും ഒടിഒ അപ്‌ഡേറ്റുകളും സൈറോസിൽ ലഭ്യമാകും.
കിയ സൈറോസ്; വില, ബുക്കിങ്, ഡെലിവറി: 8,99,900 രൂപയാണ് കിയ സൈറോസിന്‍റെ പ്രാരംഭവില (എക്‌സ്-ഷോറൂം). 25,000 രൂപയുടെ ടോക്കണെടുത്ത് അടുത്തുള്ള കിയ ഷോറൂം വഴിയോ കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാനാവും. ഫെബ്രുവരി പകുതിയാവുമ്പോഴേക്കും സൈറോസിന്‍റെ ഡെലിവറി ആരംഭിക്കുമെന്നാണ് വിവരം.
ഫ്രോസ്റ്റ് ബ്ലൂ, സ്‌പാർക്ലിങ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, ഇന്‍റൻസ് റെഡ്, പ്യൂറ്റർ ഒലിവ്, ഗ്ലേസിയർ വൈറ്റ് പേൾ, ഓറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ എട്ട് നിറങ്ങളിലാവും കിയ സൈറോസ് ലഭ്യമാവുക. കിയ സിറോസ് എച്ച്‌ടികെ, എച്ച്‌ടികെ(ഒ), എച്ച്‌ടികെ പ്ലസ്, എച്ച്‌ടിഎക്‌സ്, എച്ച്‌ടിഎക്‌സ് പ്ലസ് എന്നിങ്ങനെ 5 വേരിയന്‍റുകളായാണ് വാഹനം ലഭ്യമാവുക. ഓരോ വേരിയന്‍റുകളുടെയും വില പരിശോധിക്കാം.
കിയ സൈറോസ് വേരിയന്‍റുകൾ | എക്‌സ്-ഷോറൂം വില |
എച്ച്‌ടികെ | 8,99,900 രൂപ |
എച്ച്‌ടികെ (ഒ) | 9,99,900 രൂപ |
എച്ച്‌ടികെ പ്ലസ് | 11,49,900 രൂപ |
എച്ച്‌ടിഎക്‌സ് | 13,29,900 രൂപ |
എച്ച്‌ടിഎക്‌സ് പ്ലസ് | 15,99,900 രൂപ |
എക്‌സ്റ്റീരിയർ: ഇവി 9, ഇവി 3 പോലുള്ള ആഗോള എസ്‌യുവി മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിയ സൈറോസ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. സൈറോസിന്‍റെ മുൻവശത്തിന് വ്യത്യസ്‌തമായ ഡിസൈനാണ് നൽകിയിരിക്കുന്നത്. ലംബമായാണ് എൽഇഡി ഹെഡ്‌ലൈറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. താഴ്‌ഭാഗത്ത് പ്ലാസ്റ്റിക് ക്ലാഡിങും ടോപ്പ്-സ്പെക്ക് വേരിയന്‍റുകളിൽ 17 ഇഞ്ച് അലോയ് വീലുകൾക്കായി ട്രൈ-പെറ്റൽ ഡിസൈനും നൽകിയിട്ടുണ്ട്.
ഇന്‍റീരിയർ: പുതിയ കാറിന്‍റെ ഇന്‍റീരിയർ പരിശോധിക്കുമ്പോൾ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിനും ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ നൽകിയിട്ടുണ്ട്. ഈ രണ്ട് ഡിസ്‌പ്ലേകൾക്കിടയിലായി കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന 5 ഇഞ്ച് സ്‌ക്രീനും കാണാം. ഡാഷ്‌ബോർഡിന്‍റെ നടുവിലായി കിയ ലോഗോയും നൽകിയിട്ടുണ്ട്.
ഫീച്ചറുകൾ: നിരവധി ഫീച്ചറുകളുമായാണ് ഈ സബ്-കോംപാക്റ്റ് എസ്‌യുവി വന്നിരിക്കുന്നത്. നാല് സീറ്റുകളും വെന്‍റിലേറ്റഡ് സീറ്റുകളാണ്. കൂടാതെ രണ്ടാം നിരയിലെ സീറ്റുകൾ സ്ലൈഡിങോടും റീക്ലൈനിങോടും കൂടിയ സെന്‍റർ ആംറെസ്റ്റും 60:40 സ്പ്ലിറ്റ്-ഫോൾഡിങ് ഫങ്‌ഷണാലിറ്റിയും ഉള്ളവയാണ്. ഇലക്ട്രിക്കലി പവർഡ് ഡ്രൈവർ സീറ്റ്, ആംബിയന്‍റ് ലൈറ്റിങ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിങ് പാഡ്, 6-സ്‌പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, കിയ റിമോട്ട് ഡയഗ്നോസ്റ്റിക്‌സ് വഴി ഒടിഎ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.
കാറിന്‍റെ സുരക്ഷാ ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, സിറോസിൽ 6 എയർബാഗുകൾ ESC (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ-2 ADAS സ്യൂട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഞ്ചിൻ: കിയ സൈറോസ് പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്‌ഷനുകളിൽ ലഭ്യമാണ്. പെട്രോൾ വേരിയന്‍റിൽ 1.0 ലിറ്ററിന്‍റെ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാനാണ് നൽകിയിരിക്കുന്നത്. അതേസമയം ഡീസൽ വേരിയന്‍റിൽ 1.5 ലിറ്ററിന്‍റെ നാല് സിലിണ്ടർ എഞ്ചിനാനാണ് നൽകിയിരിക്കുന്നത്. രണ്ട് എഞ്ചിനുകളിലും സ്റ്റാൻഡേർഡായി 6 സ്‌പീഡ് ഗിയർബോക്‌സ് ജോഡിയാക്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ മോഡലുകൾക്ക് യഥാക്രമം 7 സ്‌പീഡ് ഡിസിടി, 6-സ്‌പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്‌മിഷൻ ഓപ്‌ഷനുകൾ ലഭിക്കും.
സ്കോഡ കൈലാഖ്, ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തുടങ്ങിയ വാഹനങ്ങളായിരിക്കും കിയ സൈറോസിന്‍റെ ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളികൾ.
Also Read:
- കിടിലൻ ലുക്കിൽ കിയ സിറോസ്: ആറ് വേരിയന്‍റുകളും ഫീച്ചറുകളും
- കിയ സിറോസ് പ്രീ ബുക്കിങ് ആരംഭിച്ചു: ഫെബ്രുവരിയിൽ വിപണിയിലെത്തും; പ്രതീക്ഷിക്കാവുന്ന വില
- മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ വരുന്നു: ഇ-വിറ്റാരയുടെ ഫീച്ചറുകളറിയാം
- ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ