തിരുവനന്തപുരം : ശാരീരിക പീഡനം ഏൽപ്പിക്കാൻ ഭർത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന പൊലീസുകാർ കേരളത്തിന് അപമാനകരമെന്ന് വനിത കമ്മിഷൻ അധ്യക്ഷൻ പി സതീദേവി. കോഴിക്കോട് പന്തീരാങ്കാവിൽ നവവരന്‍റെ ക്രൂര മർദനത്തിന് യുവതി ഇരയായ സംഭവത്തിൽ പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്‌എച്ച്‌ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിത കമ്മിഷന്‍റെ പ്രതികരണം.
ശാരീരിക പീഡനം ഏൽപ്പിക്കാൻ ഭർത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന പൊലീസുകാർ കേരളത്തിനും പൊലീസ് സേനയ്ക്കും അപമാനമാണ്. പെൺകുട്ടിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പൊലീസിൻ്റെ പെരുമാറ്റം മോശമായിരുന്നെന്നും ഭർത്താവുമായി രമ്യതയിൽ പോകണമെന്ന് സ്‌റ്റേഷനിൽ നിന്ന് പെണ്‍കുട്ടിയോട് പറഞ്ഞതായും സതീദേവി പറഞ്ഞു.