തിരുവനന്തപുരം :ന്യൂനമർദത്തിന്‍റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് - പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പിൽ പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും ഞായറാഴ്‌ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാട് തീരത്ത് (രാമനാഥപുരം, തിരുനെല്‍വേലി) ഇന്ന് രാത്രി 11.30 വരെ, 1.1 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ലക്ഷദ്വീപ് (മിനിക്കോയ്, കവരത്തി) തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത നിലനില്‍ക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
Also Read:ഇനി അർക്കയും അരുണികയും കാലാവസ്ഥ പ്രവചിക്കും; 850 കോടി ചെലവിൽ എച്ച്പിസി വരുന്നു