തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തെക്ക് പടിഞ്ഞാറേ ബംഗാൾ ഉൾക്കടലിന് മുകളിലുണ്ടായിരുന്ന അതിതീവ്ര ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്. ശ്രീലങ്ക തീരം തൊടുന്ന ചുഴലിക്കാറ്റ് പിന്നീട് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 30 മുതൽ ഡിസംബർ 01 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29/11/2024 വരെ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് എവിടേയും അലർട്ടുകൾ നൽകിയിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്‌ച (30-11-2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്‌ച (01-12-2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ശബരിമലയിലും മഴ മുന്നറിയിപ്പ്
ശബരിമലയിലും അടുത്ത മൂന്ന് ദിവസം മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ രണ്ട് സെന്‍റിമീറ്റര്‍ അളവില്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇടിമിന്നല്‍ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കുന്നു.