തിരുവനന്തപുരം: 44 ദിവസം എന്ന മാന്ത്രിക സംഖ്യയ്ക്കകത്ത് നിന്ന് 530 കോടി എന്ന വമ്പന്‍ തുക ചെലവഴിക്കാനുള്ള മന്ത്രവടി അന്വേഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്ത വയനാടിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത് 2000 കോടി രൂപയുടെ പദ്ധതികളായിരുന്നു. ഈ പദ്ധതികള്‍ക്കുള്ള പണം കേന്ദ്ര സര്‍ക്കാര്‍ ഗ്രാൻ്റായി അനുവദിക്കണമെന്നതായിരുന്നു കേരളത്തിൻ്റെ ആവശ്യം.
ഏറ്റവും അവസാനം നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലുള്‍പ്പെടെ വയനാടിനെക്കുറിച്ച് നിശബ്‌ദത പാലിച്ചതിന് പിന്നാലെയാണ് വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് 529.50 കോടി രൂപ പലിശയില്ലാത്ത വായ്‌പയായി സംസ്ഥാനത്തിന് അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം ഫെബ്രുവരി 11ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
50 വര്‍ഷം കൊണ്ട് പണം തിരിച്ചടച്ചാല്‍ മതിയെന്ന സാവകാശമുണ്ടെങ്കിലും പണം 2025 മാര്‍ച്ച് 31നുള്ളില്‍ ചെലവഴിച്ചതിൻ്റെ കണക്കുകള്‍ പിറ്റേദിവസമായ ഏപ്രില്‍ 1ന് സമര്‍പ്പിക്കണമെന്ന നിബന്ധന മുന്നോട്ടു വച്ചതോടെയാണ് ഈ വായ്‌പയിലെ കുരുക്ക് സംസ്ഥാന സര്‍ക്കാരും ജനങ്ങളും തിരിച്ചറിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടൗണ്‍ഷിപ്പുകള്‍, പാലങ്ങള്‍, റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, ഫയര്‍ സ്റ്റേഷനുകള്‍ തുടങ്ങി വിശദമായ പ്ലാന്‍ ആവശ്യമായതും നിര്‍മാണത്തിന് മാസങ്ങള്‍ വേണ്ടതുമായ പദ്ധതികള്‍ എങ്ങനെ 45 ദിവസത്തിനുള്ളില്‍ തീര്‍ക്കുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. അതേസമയം ഇത്രയും നാള്‍ മുഖം തിരിച്ചു നിന്ന കേന്ദ്രം ഇത്രയും വലിയ തുക അനുവദിച്ച സാഹചര്യത്തില്‍ ഈ പണം ലഭ്യമാക്കാനുള്ള ബദല്‍ വഴികളിലേക്ക് കൂടി കടക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
വായ്‌പയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച വഴികള്‍ തേടുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഇതിനായി അടിയന്തിരമായി ധനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. കേന്ദ്രത്തെ സമീപിച്ച് വായ്‌പയ്ക്ക് സാവകാശം തേടുന്നത് ആലോചിക്കും.
വിഷയം പൊതുമധ്യത്തില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍ ഇക്കാര്യം പാര്‍ലമെൻ്റില്‍ ഉന്നയിക്കുമെന്ന് സ്വാഭാവികമായി കരുതുകയാണെന്ന് ധനമന്ത്രി പറഞ്ഞു. വായ്‌പാ വിനിയോഗത്തില്‍ സാവകാശം തേടി ഉദ്യോഗസ്ഥരും ധനമന്ത്രി ബാലഗോപാലും ചേര്‍ന്നൊരു സംഘം ഉടന്‍തന്നെ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിക്കും.
2000 കോടി രൂപയുടെ പുനരധിവാസ പാക്കേജിനുള്ള സഹായം സംസ്ഥാനത്തിന് ഗ്രാൻ്റായി അനുവദിക്കണമെന്നതായിരുന്നു ഇതുവരെ കേരളം ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തിലൂന്നി ഇപ്പോഴത്തെ വായ്‌പാ തുകയെ ഗ്രാൻ്റാക്കി മാറ്റണമെന്നൊരാവശ്യവും സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍ വയ്ക്കും.
അതേസമയം ധനസഹായം വൈകിപ്പിക്കുകയും ഒടുവില്‍ വായ്‌പയായി ധനസഹായം അനുവദിച്ച ശേഷം നടപ്പാക്കാനാകാത്ത വ്യവസ്ഥ മുന്നോട്ടു വയ്ക്കുകയും ചെയ്‌തതിലെ കേന്ദ്ര സര്‍ക്കാരിൻ്റെ ഇരട്ടത്താപ്പിനെ രാഷ്ട്രീയമായി നേരിടാന്‍ കൂടി തയ്യാറെടുക്കുകയാണ് എല്‍ഡിഎഫ്. ഇത് സംബന്ധിച്ച് സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്. എല്ലാം നഷ്‌ടപ്പെട്ട ഒരു ജനതയുടെ തിരിച്ചുവരവിന് എങ്ങനെയെല്ലാം കേന്ദ്രം തടസം നില്‍ക്കുന്നുവെന്ന് തന്നെയാകും പ്രധാനമായും ഇത്തരം പ്രചാരണങ്ങളില്‍ എല്‍ഡിഎഫ് മുന്നോട്ടു വയ്ക്കുക.
അതിനിടെ പ്രശ്‌നം പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും ഉന്നയിക്കാനാണ് യുഡിഎഫ് തീരുമാനം. തുടര്‍ന്നുള്ള പാര്‍ലമെൻ്റ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഈ വിഷയം ഉന്നയിക്കും. എല്‍ഡിഎഫ് എംപിമാരുമായി ചേര്‍ന്ന് യോജിച്ച് കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിക്കാനും ആലോചനയുണ്ട്. അതിനിടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍ പറഞ്ഞു. വായ്‌പാ വിനിയോഗത്തിന് വെറും ഒന്നരമാസം മാത്രം അനുവദിച്ച നടപടി അപ്രായോഗികവും വയനാട് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണ്.
കേരളം ഈ വായ്‌പ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന ദുഷ്‌ടലാക്കോടെയാണ് ഇത്തരം നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ ഒന്നരമാസം പോലുമില്ലാത്ത സമയത്താണ് മാര്‍ച്ച് 31നകം പണം ചെലവഴിക്കണമെന്ന നിബന്ധന മുന്നോട്ട് വച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പെരിന്തല്‍മണ്ണയില്‍ പറഞ്ഞു. ഇത് കേരളത്തോടുള്ള പൂര്‍ണമായ അവഗണനയും അവഹേളവനവുമാണ്. 50 വര്‍ഷം കഴിഞ്ഞ് കേരളം ഈ പണം അടയ്‌ക്കേണ്ടെന്ന് പറയാന്‍ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍ ആരാണെന്നും സതീശന്‍ ചോദിച്ചു.
Also Read:പ്രതിവര്‍ഷം അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍, രണ്ട് ലക്ഷം പേര്‍ക്ക് പരിശീലനം- അറിയാം വിജ്ഞാന കേരളം