തിരുവനന്തപുരം: തിരുവോണം ബമ്പര്‍ 2024ന്‍റെ നറുക്കെടുപ്പും പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും ഇന്ന് (09-10-2024) നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് 01.30 ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പൂജ ബമ്പറിന്‍റെ പ്രകാശനം നിര്‍വഹിക്കും. ചടങ്ങില്‍ വി കെ പ്രശാന്ത് എംഎഎല്‍എ അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്‌ടര്‍ എബ്രഹാം റെന്‍ സ്വാഗതം ആശംസിക്കും. ജോയിന്‍റ് ഡയറക്‌ടര്‍ (അഡ്‌മിനിസ്‌ട്രേഷന്‍) മായ എന്‍ പിള്ള കൃതജ്ഞതയര്‍പ്പിക്കും. ജോയിന്‍റ് ഡയറക്‌ടര്‍ (ഓപ്പറേഷന്‍സ്) എം രാജ് കപൂര്‍, ഭാഗ്യക്കുറി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനത്തിന്‍റെ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വികെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും. ഇന്ന് രാവിലെ 11 മണി വരെയുള്ള കണക്കനുസരിച്ച് 71,41,508 ഓണം ബംപർ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.
പാലക്കാട് ജില്ലയാണ് ഇക്കുറിയും വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 13,02,800 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,50,250 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റ് തീരും എന്ന നിലയിലേയ്ക്ക് വില്‍പന പുരോഗമിക്കുകയാണ്.
12 കോടി രൂപയാണ് ഇന്ന് പ്രകാശനം ചെയ്യുന്ന പൂജാ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് പൂജാ ബമ്പറിന്‍റെ മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്‍റെ ടിക്കറ്റ് വില 300 രൂപയാണ്.
Also Read:ഡിസൈനറാണോ? ഒരു ലക്ഷം രൂപ സമ്പാദിക്കാം! ടൗണ്‍ഷിപ്പ് പ്രൊജക്‌ടിനായി ഡിസൈന്‍ മത്സരം, അറിയേണ്ടതെല്ലാം