തിരുവനന്തപുരം:ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ സ്വിഗ്ഗി തൊഴിലാളികളും മാനേജ്‌മെന്‍റും നടത്തിയ ചര്‍ച്ച പരാജയം. തൊഴിലാളി സംഘടനാ പ്രതിനിധികൾ മുന്നോട്ടുവെച്ച 13 ആവശ്യങ്ങളും നടപ്പാക്കില്ലെന്നാണ് സ്വിഗ്ഗി മാനേജ്മെൻ്റ് നിലപാട്. തൊഴില്‍ മന്ത്രി വി ശിവൻകുട്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു യോഗം.
വേതന വർധനവും ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് തള്ളിയതെന്ന് ഓൺലൈൻ ഗിഗ് വർക്കേഴ്‌സ് യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രതിനിധി അമീർ ഇടിവി ഭാരതിനോട് പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നവരെ സമരം തുടരുമെന്ന് തൊഴിലാളികൾ വ്യക്തമാക്കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ വിപുലമായി സംസ്ഥാന തലത്തിൽ സമരം ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.