കേരളം

kerala

ETV Bharat / state

പൂവണിയുമോ കേരളത്തിൻ്റെ റെയില്‍ സ്വപ്‌നങ്ങള്‍? കേന്ദ്ര ബജറ്റിന് കാതോര്‍ത്ത് കേരളം - KERALA RAIL BUDGET EXPECTATIONS

എറണാകുളം-ബെംഗളൂരു പ്രതിദിന വന്ദേഭാരത്, തിരൂരില്‍ സ്‌റ്റോപ്പ്, മൂന്നാം പാതയും നാലാം പാതയും അനുവദിക്കുകയെന്നതാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍...

SOUTHERN RAILWAY  BUDGET 2025  കേന്ദ്ര ബജറ്റ് 2025  RAIL BUDGET
Memorandum submitted by kerala (ETV Bharat)

By ETV Bharat Kerala Team

Published : Jan 30, 2025, 7:51 PM IST

തിരുവനന്തപുരം:ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിൻ്റെ റെയില്‍വേ സ്വപ്‌നങ്ങള്‍ തളിര്‍ക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ തീവണ്ടി യാത്രക്കാരും കേരള സര്‍ക്കാരും. കഴിഞ്ഞ വര്‍ഷം അവസാനം മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി അബ്‌ദുറഹിമാനും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ നേരിട്ട് കണ്ട് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്ന വികസന പദ്ധതികളില്‍ ചിലതിനെങ്കിലും അംഗീകാരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കേന്ദ്രത്തിനു നല്‍കിയ നിവേദനത്തില്‍ നിന്നുള്ളത് ചുവടെ കൊടുത്തിരിക്കുന്നു.

എറണാകുളം - ബെംഗളൂരു പ്രതിദിന വന്ദേഭാരത്

  • എറണാകുളം - ബെംഗളൂരു വന്ദേഭാരത് ദിനം പ്രതി സര്‍വീസ് നടത്തുന്ന തീവണ്ടിയായി ആരംഭിക്കുക.
  • വന്ദേഭാരതിൻ്റെ ബോഗികളുടെ എണ്ണം വര്‍ധിപ്പിക്കുക

നിലവില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരതിന് 16 കാര്‍ സെറ്റുകളും തിരുവനന്തപുരം - മംഗളൂരു വന്ദേഭാരതിന് എട്ട് കാര്‍ സെറ്റ് ബോഗികളുമാണുള്ളത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ട് തീവണ്ടികളുടെയും ബോഗികളുടെ എണ്ണം 20 ആക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.

വന്ദേഭാരതിന് സ്‌റ്റോപ്പ്

തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കുക എന്നതും കേരളത്തിന്‍റെ ആവശ്യങ്ങളിലൊന്നാണ്. ഇത് മലപ്പുറം ജില്ലയിലെ യാത്രക്കാര്‍ക്ക് വളരെയേറെ സഹായകമാകും.

വേണം മൂന്നാം പാതയും നാലാം പാതയും

നിലവിലെ തെക്ക് വടക്ക് ഇരട്ടപാതയ്ക്ക് പുറമേ ഇതിന് സമാന്തരമായി ഒരു മൂന്നാം പാതയും നാലാം പാതയും സ്ഥാപിച്ച് തിരുവനന്തപുരം - മംഗളൂരു റൂട്ടില്‍ വേഗത പരാമവധി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനം സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം - മംഗലാപുരം തെക്ക് വടക്ക് പാതയിലൂടെയാണ് കേരളത്തിലെ 90 ശതമാനം ട്രെയിനുകളും സഞ്ചരിക്കുന്നത്. ഈ പാതയില്‍ 627 വളവുകള്‍ ഉള്ളതിനാല്‍ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 45 കിലോമീറ്ററാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഏറ്റവും വേഗമേറിയ വന്ദേഭാരത് ട്രെയിനുകള്‍ക്ക് ഈ പാതയിലെ ശരാശരി വേഗം മണിക്കൂറില്‍ 73 കിലോമീറ്ററാണ്. ഈ പാതയില്‍ നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകളില്‍ എല്ലായ്‌പ്പോഴും നിറയെ യാത്രക്കാരാണുള്ളതില്‍ നിന്ന് തന്നെ കേരളത്തിലെ ജനങ്ങള്‍ വേഗമേറിയ കൂടുതല്‍ ട്രെയിനുകള്‍ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്. അതുകൊണ്ടാണ് കേരളം വേഗമേറിയ ഒരു സെമി ഹൈസ്‌പീഡ് പാതയായ സില്‍വര്‍ ലൈനിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

ഇതിൻ്റെ വിശദമായ പദ്ധതി രേഖയ്ക്ക് കേരളം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പദ്ധതി ഇപ്പോഴും അനുമതി കാത്ത് കിടക്കുകയാണെന്ന് നിവേദനത്തില്‍ സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം കണക്കിലെടുത്ത് തിരുവനന്തപുരം - മംഗളൂരു പാതയിലോടുന്ന ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 - 200 കിലോമീറ്ററാക്കുന്നതിലേക്കായി ഒരു മൂന്നാം പാതയുടെയും ഒരു നാലാം പാതയുടെയും സര്‍വേയ്ക്കുള്ള അനുമതി എത്രയും വേഗം നല്‍കണമെന്ന് സംസ്ഥാനം നല്‍കിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നാം പാത എറണാകുളം - ഷൊര്‍ണൂര്‍ റൂട്ടിലും എറണാകുളം - കായംകുളം - തിരുവനന്തപുരം റൂട്ടിലും നാലാം പാത ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടിലും അനുവദിക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.

അങ്കമാലി - എരുമേലി ശബരി റെയില്‍ പദ്ധതി

1997- 98 ലെ റെയില്‍വെ ബജറ്റിലായിരുന്നു ശബരി റെയില്‍ പദ്ധതി പ്രഖ്യാപനം. 110 കിലോമീറ്റര്‍ ദൈര്‍ഘ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് തീവണ്ടി മാര്‍ഗമെത്തുന്ന ഭക്തര്‍ക്ക് ശബരിമലയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും പൊതുവായി പാത കടന്നു പോകുന്ന പ്രദേശങ്ങളില്‍ റെയില്‍വേ സാന്നിധ്യം ഉറപ്പിക്കുകയുമാണ് പാതയുടെ ഉദ്ദേശ്യം. 2815 കോടി രൂപ അടങ്കല്‍ തുക കണക്കാക്കിയ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 2023ല്‍ നടത്തിയപ്പോള്‍ 3800.93 കോടി രൂപയായി.

പദ്ധതി ചെലവ് പകുതി വീതം റെയില്‍വേയും സംസ്ഥാനവും പങ്കിടാമെന്ന് പദ്ധതിയുടെ പകുതി ചെലവ് കിഫ്ബി വഴി വഹിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ അടുത്തയിടെ കേന്ദ്രത്തിന് ഉറപ്പ് നല്‍കി. എന്നാല്‍ പദ്ധതിക്കായി എടുക്കുന്ന കിഫ്‌ബിയുടെ കടബാധ്യതയെ സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയില്‍ പെടുത്തരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതിയുടെ എട്ട് കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കുയും അങ്കമാലി മുതല്‍ കാലടിവരെ ഏഴ് കിലോമീറ്റര്‍ റെയില്‍പാത പൂര്‍ത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് മുതല്‍ 70 കിലോമീറ്റര്‍ പാതയ്ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് 20 വര്‍ഷമായി.

പദ്ധതി ശബരിമല തീര്‍ഥാടകരെ മാത്രം ഉദ്ദേശിച്ചല്ല. കേരളത്തില്‍ റെയില്‍വേ ബന്ധമില്ലാത്ത പ്രധാന സ്ഥലങ്ങളായ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാല എന്നിവിടങ്ങളില്‍ റെയില്‍വെ ലൈനാകും ഇത്. ഭാവിയില്‍ പാത തിരുവനന്തപുരത്തേക്ക് നീട്ടുക വഴി റെയില്‍വേ ബന്ധമില്ലാത്ത നിരവധി സ്ഥലങ്ങളിലൂടെ പാത കടന്നു പോകുന്ന സ്ഥിതിയുണ്ടാകും. ഇതിന് ബദലായി ഉയര്‍ന്ന് വന്നിട്ടുള്ള ചെങ്ങന്നൂര്‍ - പമ്പ പാതയ്ക്കാകട്ടെ തീര്‍ഥാടകര്‍ക്ക് ദീര്‍ഘനേരം ട്രെയിന്‍ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാക്കുന്നതാണ്. നിലവില്‍ മരവിപ്പിച്ചിട്ടിരിക്കുന്ന ഈ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് നിവേദനത്തില്‍ അഭ്യര്‍ഥിക്കുന്നു.

നിലമ്പൂര്‍ - നഞ്ചകോട് റെയില്‍വേ പദ്ധതി

2017 ല്‍ ഡിഎംആര്‍സി താത്കാലികമായി അലൈന്‍മെൻ്റ് നിശ്ചയിച്ച പദ്ധതിയാണിത്. എന്നാല്‍ കര്‍ണാടക സര്‍ക്കാരിൻ്റെ നിസഹകരണം മൂലം ആ സംസ്ഥാന ഭാഗത്തെ അലൈന്‍മെൻ്റ് നടപടികളിലേക്ക് കടക്കാനായില്ല. 2016-17 ല്‍ റെയില്‍വേയുടെ പിങ്ക് ബുക്കില്‍ സംസ്ഥാനങ്ങളുടെ സംയുക്ത പദ്ധതിയായി ഈ പാതയുടെ അലൈന്‍മെൻ്റ് തലശേരി - മൈസൂര്‍ പാതയുമായി യോജിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നു. അങ്ങനെ കര്‍ണാടകത്തിലേക്ക് രണ്ട് പാതയ്ക്കും ഒരു പൊതു പ്രവേശന കവാടം നിശ്ചയിക്കുകയും ചെയ്‌തിട്ടും കര്‍ണാടക അനുകൂല തീരുമാനം കൈക്കൊള്ളുന്നില്ല. ഈ സാഹചര്യത്തില്‍ നിലമ്പൂര്‍ - നഞ്ചകോട് പാതയ്ക്കായി ഒരു അന്തിമ ലൊക്കേഷന്‍ സര്‍വേയ്‌ക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തലശേരി - മൈസൂര്‍ റെയില്‍ പദ്ധതി

2016-17 ലാണ് ഈ പദ്ധതിയുടെ പഠനം നടത്തിയത്. പദ്ധതിയുടെ വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് പദ്ധതിക്കായി രൂപീകരിച്ച സംയുക്ത കമ്പനിയായ കെആര്‍ഡിസിഎല്‍ കൊങ്കണ്‍ റെയില്‍വേയുടെ സഹകരണത്തോടെ തയ്യാറാക്കി. കേരളത്തിൻ്റെ ഭാഗത്തെ സര്‍വേ പൂര്‍ത്തിയായെങ്കിലും കര്‍ണാടക സര്‍ക്കാരിൻ്റെ അനുമതിയോടെ മാത്രമേ അവരുടെ ഭാഗത്തെ സര്‍വേ പൂര്‍ത്തിയാക്കാനാകൂ. 2022 സെപ്‌തംബറില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി കേരള മുഖ്യമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്‌തു. കേന്ദ്ര റെയില്‍വേ മന്ത്രിക്ക് 2020ലും 2023ലും പദ്ധിക്കാവശ്യമായ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി. വടക്കന്‍ കേരളത്തിലെ ജനങ്ങളെ കര്‍ണാടകയുമായി ബന്ധിപ്പിക്കാനുതകുന്ന ഏറ്റവും അനുയോജ്യമായ ഈ പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് നിവേദനത്തില്‍ കേരളം അഭ്യര്‍ഥിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് - പാണത്തൂര്‍ - കണിയൂര്‍ റെയില്‍പ്പാത

2014-15ല്‍ റെയില്‍വേ പിങ്ക് ബുക്കില്‍ ഉള്‍ക്കൊള്ളിച്ച് സര്‍വേയ്‌ക്ക് അനുമതി നല്‍കിയ പദ്ധതിയാണിത്. എന്നാല്‍ പദ്ധതി തല്‍ക്കാലത്തേക്ക് മാറ്റി വെയ്ക്കുന്നതായി 2020ല്‍ റെയില്‍വേ അറിയിച്ചു. കേരളവും കര്‍ണാടകവും സംയുക്തമായി ഏറ്റെടുത്ത് നടത്തേണ്ട പദ്ധതിക്ക് കേരളത്തിൻ്റെ ഭാഗത്ത് നിന്ന് വരുന്ന ചെലവിൻ്റെ 50 ശതമാനം വഹിക്കാമെന്ന് കേരളം ഉറപ്പ് നല്‍കിയിട്ടുണ്ട്. പദ്ധതിയെ സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പദ്ധതിക്ക് നിർമാണ അനുമതി വേണമെന്ന് നിവേദനത്തിലൂടെ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:ട്രെയിൻ യാത്രയില്‍ ഇനി ടെൻഷൻ വേണ്ട; അത്യാധുനിക സൗകര്യങ്ങളോട് കൂടി അമൃത് ഭാരത് 2.0 വരുന്നു, പ്രത്യേകതകള്‍ അറിയാം!

ABOUT THE AUTHOR

...view details