തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്‌ച മാത്രം പ്രായമായ കുഞ്ഞിന്‍റെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുത്തു. നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്‌ധ പരിചരണം ഉറപ്പാക്കി.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുഞ്ഞിന് വിദഗ്‌ധ ചികിത്സ ഉറപ്പാക്കുന്നത്. കുഞ്ഞിന്‍റെ മുമ്പത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിന്‍റെ തുക ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്‍റെ ബാലനിധിയിലൂടെ അനുവദിക്കാനാണ് തീരുമാനം.
ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയറില്‍ പരിശീലനം നേടിയ നഴ്‌സ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് കുഞ്ഞിനെ ചികിത്സിക്കുന്നത്. സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള കുഞ്ഞ് ഇപ്പോഴും ഓക്‌സിജന്‍ സപ്പോര്‍ട്ടിലാണ് കഴിയുന്നത്. കുഞ്ഞിന് നിലവില്‍ ഒരു കിലോ ഭാരമുണ്ട്. തലയില്‍ ചെറിയ രക്തസ്രാവമുണ്ട്. ഓറല്‍ ആന്‍റിബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. ഒരു മാസത്തോളം തീവ്ര പരിചരണം ആവശ്യമാണ്.