തിരുവനന്തപുരത്ത് വരനോടൊപ്പം വോട്ട് ചെയ്യാനെത്തി നവവധു തിരുവനന്തപുരം: കതിർമണ്ഡപത്തിൽ നിന്ന് വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലേക്കെത്തി നവദമ്പതികൾ. പേരൂർക്കട സ്വദേശികളായ അനന്ദു ഗിരീഷ്, ഗോപിക ബി ദാസ് എന്നിവരാണ് വിവാഹ ചടങ്ങുകൾക്ക് ശേഷം വിവാഹ വേഷത്തിൽ തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഊളംപാറ ഗവൺമെന്‍റ് എൽ പി സ്‌കൂളിലെ 106-ാം നമ്പർ ബൂത്തിലാണ് ഗോപിക വോട്ട് രേഖപ്പെടുത്തിയത്.
വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ സുബ്രഹ്മണ്യ ഹാളില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. അനന്ദു രാവിലെ വോട്ട് രേഖപ്പെടുത്തിയെങ്കിലും തിരക്കുകൾ കാരണം ഗോപികയ്ക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഗോപിക വിവാഹത്തിന് ശേഷം നവവരനൊപ്പം പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
ഭരണഘടന നൽകുന്ന ഏറ്റവും വലിയ അവകാശമാണ് വോട്ടവകാശമെന്നും ആ അവകാശം വിനിയോഗിക്കാനാണ് വിവാഹദിനത്തിൽ തന്നെ എത്തിയതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഗോപിക പറഞ്ഞു. വിവാഹത്തിനു മുൻപോ ശേഷമോ വോട്ട് ചെയ്യണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആദ്യം വിവാഹമാണ് നിശ്ചയിച്ചത്. യാദൃശ്ചികമായാണ് അതേ ദിനത്തിൽ തന്നെ തെരഞ്ഞെടുപ്പ് വന്നതെന്നും ഗോപിക പറഞ്ഞു.
തങ്ങൾ കുടുംബ സുഹൃത്തുക്കളാണ്. അങ്ങനെയാണ് ഒരേ പോളിങ് ബൂത്ത് തന്നെ വന്നത്. എന്ത് തിരക്കുകൾ ഉണ്ടായാലും വോട്ടവകാശം വിനിയോഗിക്കണം. അതുകൊണ്ടാണ് വിവാഹദിനത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയതെന്നും അനന്ദു ഗിരീഷ് പറഞ്ഞു.
Also Read: ശാരീരിക പരിമിതികളെ മറികടന്ന് കന്നിവോട്ട് മൂക്ക് കൊണ്ട് രേഖപ്പെടുത്തി ആസിം വെളിമണ്ണ