കേരളം

kerala

ETV Bharat / state

കൊട്ടിക്കലാശത്തിലേക്ക് കേരളം ; എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം എല്‍ഡിഎഫും യുഡിഎഫും - ELECTION CAMPAIGN IN ERNAKULAM

Ernakulam constituency, Kerala Lok sabha election 2024: Voting on April 26,Result on June 4 | കേരള ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : എറണാകുളം ലോക്‌സഭാമണ്ഡലത്തിൽ പ്രചാരണം കടുക്കുന്നു

KERALA LOK SABHA ELECTION 2024  VOTING ON APRIL 26  ELECTION CAMPAIGN IN ERANAKULAM  LOK SABHA ELECTION 2024
kerala lok sabha election 2024; campaign is in its final stages in eranakulam parliament constituency

By ETV Bharat Kerala Team

Published : Apr 23, 2024, 3:47 PM IST

എറണാകുളം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ, സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ലോക്‌സഭാമണ്ഡലമായ എറണാകുളത്ത് ശക്തമായ മത്സരമാണ് ഇത്തവണ നടക്കുന്നത്. പരസ്യപ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ ഇടത് വലത് മുന്നണികൾ ഒപ്പത്തിനൊപ്പമാണ്.

എൻ ഡി എ , ട്വൻ്റി ട്വൻ്റി സ്ഥാനാർഥികളും സജീവമായി രംഗത്തുണ്ട്. സ്ഥാനാർഥികളുടെ പൊതുപര്യടനങ്ങളും റോഡ് ഷോകളും തെരഞ്ഞെടുപ്പ് ആവേശം പ്രകടമാക്കുന്നതാണ്. സിനിമാതാരങ്ങൾ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ ധാരാളമുള്ള മണ്ഡലത്തിൽ ഇവരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കാനും സ്ഥാനാർഥികൾ സമയം കണ്ടെത്തുകയാണ്.

നടൻ മമ്മൂട്ടിയെ സന്ദർശിച്ച് ഹൈബി ഈഡനും ഇടതുമുന്നണി സ്ഥാനാർഥി കെ.ജെ. ഷൈനും കഴിഞ്ഞ ദിവസം വോട്ടഭ്യർഥിച്ചിരുന്നു. കാക്കനാട് ഇൻഫോ പാർക്കിൽ ഉൾപ്പടെ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളും സ്ഥാനാർഥികള്‍ നടത്തുന്നു.

പരസ്യപ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പരമാവധി വോട്ടർമാരെ നേരില്‍ കാണാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. ഒരു മാസത്തിലേറെ നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് നാളെ നടക്കുന്ന കൊട്ടി കലാശത്തോടെ ആവേശകരമായ പരിസമാപ്‌തിയാകും.

അതേസമയം സിറ്റിംഗ് എം.പി യും യുവ നേതാവുമായ ഹൈബി ഈഡൻ രണ്ടാം തവണയും അനായാസം ജയിച്ചുകയറുമെന്ന് വിശ്വസിക്കുകയാണ് യുഡിഎഫ് പ്രവർത്തകരും നേതാക്കളും. ലത്തീൻ കത്തോലിക്ക സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ സഭയുടെ വോട്ട് ഇത്തവണയും തങ്ങൾക്ക് തന്നെയെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു.

തെരഞ്ഞെടുപ്പിൽ സഭയ്ക്ക് സമദൂര നിലപാടാണെന്ന് പ്രഖ്യാപിക്കുമ്പോഴും സംസ്ഥാന സർക്കാറിൻ്റെ പ്രവർത്തനങ്ങളിൽ തൃപ്‌തരല്ലെന്ന് സഭാനേതൃത്വം പരസ്യമായി പറയുന്നു. ബി ജെ പി ഉയർത്തുന്ന ജനാധിപത്യ വിരുദ്ധവും മതേതര വിരുദ്ധവുമായ നിലപാടുകളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഇത്തവണ തങ്ങളുടെ വോട്ട് യുഡിഎഫിനെന്ന് പറയാതെ പറയുകയാണ് ലത്തീൻ സഭ. ലത്തീൻ സമുദായത്തിൽപ്പെട്ട ഹൈബി ഈഡനെ നേരിടാൻ അതേ സമുദായത്തിൽ നിന്ന് കെ ജെ ഷൈൻ ടീച്ചറെന്ന വനിതാനേതാവിനെയാണ് സി പി എം രംഗത്തിറക്കിയത്.

2019ൽ സാമുദായിക പരിഗണനകൾ നൽകാതെ എറണാകുളത്തെ ഏറ്റവും പ്രമുഖനായ സി പി എം നേതാവ് പി രാജീവിനെ തന്നെ എല്‍ഡിഎഫ് രംഗത്തിറക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഹൈബി ഈഡൻ 1.69 ലക്ഷം വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. ഇത് മറികടക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് എതിർ സ്ഥാനാർഥികൾക്ക് ഉള്ളത്.

എന്നാൽ ഇത്തവണ സ്വതന്ത്രൻമാരെയോ, പാർട്ടി പ്രമുഖരെയോ ഇറക്കിയുള്ള പരീക്ഷണത്തിന് സി പി എം തയ്യാറായില്ല. പാർട്ടി ചിഹ്നത്തിൽ പാർട്ടി പ്രവർത്തകയെ ഇറക്കി ഒരു കൈ നോക്കുകയാണ് സിപിഎം. ഇതോടെയാണ് ഏറ്റവും പ്രമുഖരും കരുത്തരുമായ പാർട്ടി സ്ഥാനാർഥികൾ ഉൾപ്പെടുന്ന പട്ടികയിൽ കെ ജെ ഷൈൻ എന്ന ഷൈൻ കെ ജോസഫ് ഇടം പിടിച്ചത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നാട്ടിൽ നിന്നും സ്ഥിരമായി വടക്കൻ പറവൂർ നഗരസഭയിലേക്ക് ജയിച്ചുകയറുന്ന ഷൈൻ എറണാകുളം ലോക്‌സഭ മണ്ഡലത്തിലും വിജയിച്ചുകയറുമെന്നാണ് സി പി എം പ്രവർത്തകർ വിശ്വസിക്കുന്നത്.

വനിതാവോട്ടർമാരുടെ വലിയ പിന്തുണയും കെ ജെ ഷൈൻ ടീച്ചറെ തുണയ്ക്കുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. എന്നാൽ എറണാകുളത്തെ ഏറ്റവും ജനകീയനായിരുന്ന ജോർജ് ഈഡനെന്ന കോൺഗ്രസ് നേതാവിൻ്റെ മകൻ ഹൈബി ഈഡനെ അട്ടിമറിക്കാൻ ഇതൊന്നും മതിയാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

വിജയം ഇത്തവണയും ഹൈബി ഈഡനൊപ്പം നിന്നാലും ഭൂരിപക്ഷം വലിയ രീതിയിൽ കുറയുമെന്ന കാര്യത്തിൽ സംശയമില്ല. കെ.ജെ. ഷൈൻ നേടുന്ന വോട്ടുകൾക്ക് പുറമെ എൻഡിഎ, ട്വൻ്റി ട്വൻ്റി സ്ഥാനാർഥികൾ നേടുന്ന വോട്ടുകൾ യുഡിഎഫിൻ്റെ വോട്ട് ബാങ്കിൽ തന്നെയാണ് കാര്യമായി പ്രതിഫലിക്കുക.

കഴിഞ്ഞ തവണ എൻ ഡി എ സ്ഥാനാർഥിയായി അൽഫോൺസ് കണ്ണന്താനം 1,37,749 വോട്ട് നേടിയിരുന്നു. എന്നാൽ ഇത്തവണ പഴയ കോൺഗ്രസ് നേതാവും നിലവിൽ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനുമായ കെ എസ് രാധാകൃഷ്‌ണന് എത്രത്തോളം വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നതും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും.

എറണാകുളം സ്വദേശിയും മണ്ഡലത്തിൽ വിപുലമായ വ്യക്തി ബന്ധങ്ങളുമുള്ള കെ എസ് രാധാകൃഷ്‌ണൻ കഴിഞ്ഞ തവണ അൽഫോൺസ് നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ നേടുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിൽ പ്രാചാരണ രംഗത്ത് സജീവമായുള്ള ട്വൻ്റി ട്വൻ്റിയുടെ സ്ഥാനാർഥി ആൻ്റണി ജൂഡി നേടുന്ന വോട്ടുകളും കോൺഗ്രസ് സ്ഥാനാർഥിയെയാണ് പ്രതികൂലമായി ബാധിക്കുക.

എന്നാൽ സിറ്റിംഗ് എം പിയായി ജനവിധി തേടുന്ന ഹൈബിയെ അട്ടിമറിക്കാൻ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ എതിർ സ്ഥാനാർഥികൾക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. സംസ്ഥാനത്ത് ഏറ്റവും ആരോഗ്യകരമായ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് മെട്രോ നഗരമായി വളരുന്ന എറണാകുളം.

മത്സര രംഗത്ത് മുന്നണി സ്ഥാനാർഥികൾക്ക് അപരൻമാരോ, പ്രശ്‌ന ബാധിത ബൂത്തുകളോ മണ്ഡലത്തിലില്ല. പാർലമെൻ്റിൽ ഇടതുപക്ഷം അംഗ സംഖ്യ വർധിപ്പിക്കേണ്ട സമകാലിക രാഷ്ട്രീയ സാഹചര്യവും, സി എ എ യും, മണിപ്പൂർ വിഷയവും, രാജ്യത്ത് സംഘപരിവാർ ഉയർത്തുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ ഭീഷണിയും ഇടതുമുന്നണി പ്രധാന പ്രചാരണ ആയുധമാക്കുന്നു.

എന്നാൽ ഇന്ത്യാമുന്നണിക്ക് കരുത്ത് പകരാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന സന്ദേശം മുന്‍നിര്‍ത്തിയും, പർലമെന്‍റിലെ എം.പി യുടെ പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയുമാണ് യുഡിഎഫ് പ്രചാരണം. മോദിയുടെ ഗ്യാരൻ്റി ഉയർത്തിയാണ് എൻ ഡി എ പ്രചാരണം.

എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പേര്, പാർട്ടി, ചിഹ്നം ചുവടെ
___________________________________________

1. വയലാർ ജയകുമാർ- ബഹുജൻ സമാജ് പാർട്ടി - ആന

2. ഡോ. കെ.എസ് രാധാകൃഷ്‌ണൻ - ഭാരതീയ ജനത പാർട്ടി - താമര

3. കെ.ജെ ഷൈൻ ടീച്ചർ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) - ചുറ്റിക അരിവാൾ നക്ഷത്രം

4. ഹൈബി ഈഡൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കൈപ്പത്തി

5. അഡ്വ. ആൻ്റണി ജൂഡി- ട്വൻ്റി 20 പാർട്ടി - ഓട്ടോറിക്ഷ

6. പ്രതാപൻ - ബഹുജൻ ദ്രാവിഡ പാർട്ടി - വജ്രം

7. ബ്രഹ്മകുമാർ - സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) - ബാറ്ററി ടോർച്ച്

8. രോഹിത് കൃഷ്‌ണൻ - സ്വതന്ത്രൻ - ലാപ്ടോപ്പ്

9. സന്ദീപ് രാജേന്ദ്രപ്രസാദ് - സ്വതന്ത്രൻ - പായ് വഞ്ചിയും തുഴക്കാരനും

10. സിറിൽ സ്‌കറിയ - സ്വതന്ത്രൻ- പേനയുടെ നിബ്ബും ഏഴ് രശ്‌മിയും

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: രാജ്യത്ത് ആദ്യമായി ഒറ്റ കൺട്രോൾ റൂമിൽ നിന്ന് 11 ഭാഷയിൽ സേവനം

ABOUT THE AUTHOR

...view details