ചെന്നൈ: ചെങ്കൽപേട്ട് ജില്ലയിലെ തിരുപ്പോരൂർ അരുൾമിഹ് ശ്രീ കന്ദസാമി ക്ഷേത്രത്തിൽ ആറുമാസത്തിന് ശേഷം ഇന്നലെയാണ് വഴിപാട് പെട്ടി തുറന്ന് ഭക്തര്‍ ഭഗവാന് നല്‍കിയ നേര്‍ച്ചകള്‍ എണ്ണിയത്. താലിമാല മുതല്‍ ചില്ലറത്തുട്ടുകള്‍ വരെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും ലഭിച്ചു. 500 രൂപയുടെ നോട്ടുകെട്ടുകളും പെട്ടിയില്‍ നിന്ന് ലഭിച്ചിരുന്നു.
എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഒരു ഭക്തന്‍റെ മൊബൈല്‍ ഫോണ്‍ സംഘാടകര്‍ക്ക് ലഭിച്ചത്. അന്വേഷിച്ചപ്പോള്‍ മൊബൈൽ ഫോൺ ചെന്നൈ അമ്പത്തൂർ വിനായഗപുരം സ്വദേശി ദിനേശന്‍റേതാണ് എന്ന് കണ്ടെത്തി. ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയിൽ (സിഎംഡിഎ) ജോലി ചെയ്യുന്നയാളാണ് ദിനേശനെന്ന് മനസിലായി. ഭണ്ഡാരത്തിലേക്ക് കാണിക്കയിട്ടപ്പോള്‍ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ (ഐ ഫോണ്‍) അബദ്ധത്തില്‍ അതിലേക്ക് വീഴുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭണ്ഡാരം തുറന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ലഭിച്ചുവെന്ന വിവരമറിഞ്ഞ് ദിനേശന്‍ അത് തിരികെ വാങ്ങാന്‍ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ദിനേശന് ഫോണ്‍ കിട്ടിയില്ല. എണ്ണിത്തിട്ടപ്പെടുത്തിയ സാധനങ്ങളെല്ലാം മുരുകന്‍റേതാണ് എന്നാണ് ക്ഷേത്ര ഭരണസമിതി അറിയിച്ചത്. അതിനാല്‍ മൊബൈൽ ഫോൺ തരാൻ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ സെൽഫോൺ വാങ്ങാൻ കുടുംബത്തോടൊപ്പം എത്തിയ ദിനേശന്‍ നിരാശനായി.
സെൽഫോൺ തിരികെ ലഭിക്കാൻ ദിനേശന്‍ നേരത്തെ തന്നെ ചെന്നൈയിലെ ഹിന്ദു റിലീജിയസ് എൻഡോവ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫീസിൽ നിവേദനം നൽകാമെന്നാണ് തിരുപ്പോരൂർ ക്ഷേത്ര ഭരണസമിതി അറിയിച്ചത്. വാർത്തയിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞത് എന്ന് ഹിന്ദു റിലീജിയസ്-എൻഡോവ്‌മെന്‍റ് മന്ത്രി ശേഖര്‍ ബാബു വിശദീകരിച്ചു. മൊബൈൽ ഫോൺ നേര്‍ച്ചപ്പെട്ടിയില്‍ വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പണപ്പെട്ടിയിൽ വീഴുന്നതെന്തും എപ്പോഴും സാമിയുടേതാണ്. 1975ലെ നിയമ പ്രകാരം ഭണ്ഡാരത്തില്‍ വീഴുന്നതെല്ലാം ക്ഷേത്രത്തിലേക്കുള്ളതാണെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ നിയമപ്രകാരം എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ തീർച്ചയായും പരിഹാരം കാണുമെന്നും ശേഖര്‍ ബാബു ഉറപ്പുനൽകി. അതേസമയം മൊബൈലിലെ വിവരങ്ങളെല്ലാം കോപ്പി ചെയ്‌തെടുക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ ദിനേശിനെ അനുവദിച്ചു. ഹിന്ദുമത എൻഡോവ്‌മെൻ്റ് വകുപ്പ് ജോയിൻ്റ് കമ്മിഷണർ രാജലക്ഷ്‌മിയുടെ സാന്നിധ്യത്തിലാണ് നേര്‍ച്ചപ്പെട്ടി തുറന്നത്. 52 ലക്ഷം രൂപയും 289 ഗ്രാം സ്വർണവും 6920 ഗ്രാം വെള്ളിയുമാണ് ഭണ്ഡാരത്തിൽ നിന്നും ലഭിച്ചത്.
Also Read: മുത്തപ്പനെത്തി അനുഗ്രഹിക്കുന്ന ഒരു റെയിൽവേ സ്റ്റേഷന്‍...! റെയില്‍വേ സ്റ്റേഷന്‍ തറവാടായ കഥ