എറണാകുളം:ഇടുക്കി കല്ലാറിൽ ആന സഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആന സഫാരി കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ വ്യക്തികൾ നടത്തുന്ന ഇത്തരം ആന സഫാരികൾ നിയമപരമാണോയെന്ന് പരിശോധിക്കാനും കോടതി നിർദേശിച്ചു.
ഇടുക്കി ജില്ല കലക്‌ടർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. കൊല്ലപ്പെട്ട ആനപാപ്പാന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകിയോ എന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. ബ്രൂണോ കേസുമായി ബന്ധപ്പെട്ട് നിലവിൽ സ്വമേധയ എടുത്ത ഹർജിയിലാണ് കോടതി നടപടി.
ഇക്കഴിഞ്ഞ മാസം 20 നാണ് കല്ലാറിൽ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ കൊല്ലപ്പെട്ടത്. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്‌ണന്‍ (62) ആണ് കൊല്ലപ്പെട്ടത്. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്‌പൈസസ് എന്ന ആന സവാരി കേന്ദ്രത്തിലാണ് സംഭവം.
കുറുവ ദ്വീപിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്:വയനാട് കുറുവ ദ്വീപിലെ ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായുള്ള സർക്കാരിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർമാണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കോടൂറിസത്തിന്‍റെ ഭാഗമായി രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് കുറുവ ദ്വീപിൽ നടക്കുന്നത്. ഇതിന് അനുമതി ഉണ്ടായിരുന്നോ എന്നതിലടക്കം ഡിവിഷൻ ബെഞ്ച് സർക്കാരിനോട് വിശദീകരണം തേടി.
Also Read: അടിമാലിയിൽ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം സിസിടിവി ദൃശ്യങ്ങൾ പുറത്ത്