കണ്ണൂർ: സാമ്പത്തിക ഞെരുക്കത്തിനിടയിലും ഈ വർഷത്തെ ബജറ്റിലും കണ്ണൂരിന് മെച്ചപ്പെട്ട പരിഗണന നൽകി സംസ്ഥാന സർക്കാർ. (Kerala Budget 2024). മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്ത് 300 കോടിയുടെ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലത്തിലെ 8 പഞ്ചായത്തുകളെ വിമാനത്താവള റോഡുമായും മറ്റു സംസ്ഥാന പാതകളുമായി ബന്ധിപ്പിക്കുന്ന ആർട്ടിലറി ഗ്രേറ്റ് റോഡ് നിർമ്മാണത്തിന് 125 കോടി രൂപയാണ് നീക്കിവെച്ചത്. മൊത്തം 83 റോഡുകൾ ഇതിലുള്‍പ്പെടും.
അഞ്ചരക്കണ്ടി ടൗൺ വികസനത്തിന് 75 കോടി. മാവിലായി ഹെറിറ്റേജ് പദ്ധതിക്ക് 25 കോടി. പാലയാട് സിനി കോംപ്ലക്സിന് 21 കൂടി എന്നിങ്ങനെ വകയിരുത്തിയപ്പോൾ, ചക്കരക്കലിൽ ഓഡിറ്റോറിയം നിർമ്മിക്കാൻ ഒന്നാംഘട്ടമായി മൂന്നര കോടി രൂപയും പെരളശ്ശേരിയിൽ തീർത്ഥാടന ടൂറിസത്തിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ രണ്ട് കോടി രൂപയും അനുവദിച്ചു.
വേങ്ങാട് പഞ്ചായത്തിലെ മമ്പറം ഷോപ്പിംഗ് കോംപ്ലക്സ് പുതുക്കിപ്പണിയാൻ 1.20 കോടിയും, പിണറായി സ്പെഷാലിറ്റി സെന്‍റർ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഒന്നരക്കോടി രൂപയും, ധർമ്മടം പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓവ്ചാൽ നിർമ്മിക്കാൻ ഒരു കോടിയും, മുഴുപ്പിലങ്ങാട് ദുരന്ത നിരന്തര ഷെൽട്ടർ നിർമ്മാണത്തിന് 60 ലക്ഷവും, ധർമ്മടം മണ്ഡലത്തിൽ പ്ലാനിറ്റോറിയം നിർമ്മാണത്തിന് ആറു കോടി രൂപയും, മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാൻ അഞ്ചു കോടിയും, ധർമ്മടം ബോട്ട് ജെട്ടി, മുഴുപ്പിലങ്ങാട് ബോട്ട് ജെട്ടി എന്നിവയുടെ നിർമ്മാണത്തിന് അഞ്ച് കോടി രൂപയും നീക്കി വെച്ചപ്പോൾ മുഴപ്പിലങ്ങാട് കടവ് കോളയാട് അണ്ടല്ലൂർക്കടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി നിർമ്മിക്കാൻ 6 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബ്രണ്ണൻ കോളേജിൽ ആധുനിക ഓഡിറ്റോറിയം നിർമ്മിക്കാൻ 15 കോടിയും നീക്കിവെച്ചു.