നടുറോഡിലെ മത്സരയോട്ടം : കാസര്‍കോട്ട് സ്വകാര്യ ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക് കാസർകോട് :മത്സരപ്പാച്ചിലിനിടെ അണങ്കൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് കാസർകോടേക്ക് പോവുകയായിരുന്ന കൃതിക ബസ് ആണ് മറിഞ്ഞത്. ബസിൽ ഉണ്ടായിരുന്ന 15 പേർക്കാണ് പരിക്കേറ്റത്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ടുസ്ത്രീകളുടെ പരിക്ക് ഗുരുതരമാണ്. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ സമീപത്ത് താത്കാലികമായി നിർമിച്ച ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് ബസുകളും അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ബസിന്‍റെ ടയറുകൾ പൂർണമായും തേഞ്ഞ നിലയിലാണ്. അപകടം നടന്ന ഉടനെ ഡ്രൈവറും കണ്ടക്‌ടറും ഓടി രക്ഷപ്പെട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ബസിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു. കാസർകോട് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി.
കാര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം :കോഴിക്കോട് അത്തോളിയില്‍ കാര്‍ ഓട്ടോയിലിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പന്തീരാങ്കാവ് സ്വദേശിനി അജിത (56) ആണ് മരിച്ചത്. കോഴിക്കോട്ടുനിന്നും അത്തോളി ഭാഗത്തേക്ക് വരുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് പുഷ്‌പാകരനും ഓട്ടോ ഡ്രൈവര്‍ വിനോദിനും പരിക്കുണ്ട്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിന് കുറുകെ മറിഞ്ഞ ഓട്ടോയ്ക്കകത്തുനിന്നും നാട്ടുകാരാണ് മൂവരെയും പുറത്തെത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അജിതയെ രക്ഷിക്കാനായില്ല.