കാസർകോട്:പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചുകൊണ്ടുള്ള മംഗളൂരൂ ഡിവിഷൻ രൂപീകരണ സാധ്യതയെ ആശങ്കയോടെയാണ് കേരളം കാണുന്നത്. ഇതിനിടെ
മംഗളൂരൂ റെയിൽവേ ഡിവിഷൻ ആവശ്യവുമായി കർണാടകയിൽ നിന്നുള്ള ബിജെപി എംപിമാർ രംഗത്ത് എത്തിയിരിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി വി സോമണ്ണ വിളിച്ചുചേർത്ത റെയിൽവേ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് എംപിമാർ ഈ ആവശ്യം ഉന്നയിച്ചത്.
ബുധനാഴ്‌ച രാവിലെ മുതലാണ് റെയിൽവേ സഹമന്ത്രിയുടെ അധ്യക്ഷതയിൽ മംഗലാപുരത്ത് യോഗം ചേർന്നത്. മംഗലാപുരത്ത് ഒരു റെയിൽവേ മന്ത്രിയുടെ ആദ്യ യോഗമായിരുന്നു ഇത്.
ദക്ഷിണ കന്നഡ എംപി കെ ബ്രിജേഷ് ചൗട്ട, ഉഡുപ്പി ചിക്കമംഗളൂരു എംപി കോട്ട ശ്രീനിവാസ പൂജാരി എന്നിവർ യോഗത്തിൽ പങ്കെടുത്തു. റെയിൽവേ ഉദ്യോഗസ്ഥരും ദക്ഷിണ കന്നഡ ജില്ലയിലെ പ്രതിനിധികളും യോഗത്തിൽ സന്നിഹിതരായിരുന്നു.
പല ആവശ്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുന്നതിനിടെയാണ് മംഗളൂരു പ്രത്യേക റെയിൽവേ ഡിവിഷൻ വേണമെന്ന ആവശ്യം ഉയർന്നു വന്നത്. നിലവിൽ മംഗളൂരു റെയിൽവേ പാലക്കാട് ഡിവിഷൻ ആണ്. കൊങ്കൺ സമീപത്ത് എത്തുമെങ്കിലും മാംഗളൂർ സെൻട്രൽ, ജംഗ്ഷൻ സ്റ്റേഷനുകൾ ഉൾപ്പെടില്ല. മംഗളൂരു റെയിൽവേ സ്റ്റേഷനെ അവഗണിക്കുന്നു എന്ന വാദമാണ് പ്രധാനമായും ഉയർന്നു വന്നതെന്നാണ് സൂചന.