കേരളം

kerala

ETV Bharat / state

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: കൂടുതൽ പരിശോധനയ്ക്ക് അന്വേഷണ സംഘം, പ്രതികളുമായി തെളിവെടുപ്പ് നടത്തി- വീഡിയോ - KARADUKKA FRAUD CASE

കാസർകോട് കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസിന്‍റെ കൂടുതല്‍ പരിശോധനയ്‌ക്കൊരുങ്ങി അന്വേഷണ സംഘം. പ്രതികളുമായി സൊസൈറ്റിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.

KARADUKKA ISSUE  FRAUD CASE  കാറഡുക്ക സൊസൈറ്റി തട്ടിപ്പ്  കാസർകോട് തട്ടിപ്പ് കേസ്
പൊലീസ് തെളിവെടുപ്പ് നടത്തുന്നു (ETV Bharat)

By ETV Bharat Kerala Team

Published : Jun 19, 2024, 4:46 PM IST

അന്വേഷണസംഘം സൊസൈറ്റിയിലെത്തി തെളിവെടുപ്പ് നടത്തുന്നു (ETV Bharat)

കാസർകോട് : സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. മുഖ്യ പ്രതി സൊസൈറ്റി സെക്രട്ടറി രതീശനുമായി സൊസൈറ്റിയിലെത്തിയാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. കേസിലെ മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ജബ്ബാറും ഒപ്പമുണ്ടായിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഷിബു പാപ്പച്ചന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

4.76 കോടിയുടെ തട്ടിപ്പാണ് രതീശൻ സൊസൈറ്റിയിൽ നടത്തിയത്. വ്യാജരേഖകൾ ഉപയോഗിച്ച് സ്വർണപ്പണയ വായ്‌പ എടുത്തും പണയം വച്ച സ്വർണം തട്ടിയെടുത്തുമായിരുന്നു തട്ടിപ്പ്. തട്ടിയെടുത്ത പണം പ്രധാനമായും ഹവാല ഇടപാടുകൾക്ക് ഉപയോഗിച്ചെന്നാണ് പ്രതികളുടെ മൊഴി.

കേസിൽ പിടിയിലായ ആറ് പ്രതികളെയും നേരത്തെ ഹൊസ്‌ദുർഗ് ജില്ലാ ജയിലിൽ ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തിരുന്നു. പണം പോയ വഴികളെക്കുറിച്ച് വ്യക്തത വന്നെങ്കിലും ഇടപാടുകളിലെ ദുരൂഹത നീങ്ങിയില്ല. തുടർന്നാണ് മുഖ്യപ്രതികളെ കൂടുതൽ ചോദ്യംചെയ്യുന്നതിന് അന്വേഷണ സംഘം കസ്‌റ്റഡി അപേക്ഷ നൽകിയത്. മൂന്ന് ദിവസത്തെ കസ്‌റ്റഡി ആണ് അനുവദിച്ചത്.

രതീശൻ സൊസൈറ്റിയിൽനിന്ന് കടത്തിയ സ്വർണം പണയപ്പെടുത്തിയ ബേക്കൽ ഹദ്ദാദ്‌നഗറിലെ മുഹമ്മദ് ബഷീർ, പറക്കളായി ഏഴാംമൈലിലെ അബ്‌ദുൾ ഗഫൂർ, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ അനിൽകുമാർ എന്നിവർ ജയിലിലാണ്. കേരള ബാങ്കിന്‍റെ പെരിയ, കാഞ്ഞങ്ങാട് എന്നീ ശാഖകളിലും കാനറാ ബാങ്കിന്‍റെ പെരിയ, പള്ളിക്കര ശാഖകളിലുമാണിവര്‍ സ്വർണം പണയപ്പെടുത്തിയത്. ആ പണം രതീശന് നൽകിയെന്നാണ് മൂവരും നേരത്തെ മൊഴി നൽകിയത്. എന്നാൽ പണം ലഭിച്ചില്ലെന്ന് രതീശനും മൊഴി നൽകി.

തമിഴ്‌നാട്ടിലെ ഈറോഡിൽനിന്ന് രതീശനൊപ്പം പിടിയിലായ അബ്‌ദുൾ ജബ്ബാറാണ് തട്ടിപ്പിന് ഇടനില നിന്നതെന്ന് വ്യക്തമായിട്ടുണ്ട്. രതീശനിൽ നിന്ന് പലപ്പോഴായി തട്ടിയെടുത്ത പണം ജബ്ബാർ കോഴിക്കോടുള്ള നബീനിന്‍റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. എന്നാൽ പണം പിൻവലിച്ച് ജബ്ബാറിന് നൽകിയെന്നാണ് നബിനിന്‍റെ മൊഴി. ജബ്ബാറിന്‍റെ കൈവശം പണമൊന്നും കണ്ടെത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേസിന്‍റെ കൂടുതൽ പരിശോധനയ്ക്ക് അന്വേഷണ സംഘം ഒരുങ്ങുന്നത്.

ALSO READ:ബിഎസ്എൻഎൽ ഉപകരണങ്ങൾ മോഷ്‌ടിച്ച കേസ്; പ്രതി പിടിയിൽ

ABOUT THE AUTHOR

...view details