ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ച സംഭവത്തിൽ ഗുസ്‌തി താരവും ടോക്കിയോ ഒളിമ്പിക്‌സ് ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ ബജ്‌റംഗ് പൂനിയയെ വിലക്കി നാഡ. നാല് വർഷത്തേക്കാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) വിലക്ക്. ഈ കാലയളവിൽ പൂനിയക്ക് മത്സരത്തിൽ പങ്കെടുക്കാനോ പരിശീലകനാകാനോ കഴിയില്ല.
നാഡയുടെ ഉത്തേജക വിരുദ്ധ നിയമങ്ങളിലെ ആർട്ടിക്കിൾ 10.3.1 പ്രകാരമാണ് നിരോധനം. 2024 മാർച്ചിൽ നടന്ന ദേശീയ ടീമിൻ്റെ ട്രയൽസിൽ ആണ് പൂനിയ സാമ്പിൾ നൽകാൻ വിസമ്മതിച്ചത്. 2024 ഏപ്രിൽ 23-ന് നാഡയുടെ ആൻ്റി ഡിസിപ്ലിനറി ഡോപ്പിംഗ് പാനലിൽ (എഡിഡിപി) ഏർപ്പെടുത്തിയ താൽക്കാലിക സസ്പെൻഷൻ 2024 മെയിൽ നീക്കം ചെയ്‌തിരുന്നു.
പിന്നീട് സെപ്റ്റംബർ 20, ഒക്ടോബർ 4 തീയതികളിൽ നടന്ന ഹിയറിംഗുകൾക്ക് ശേഷമാണ് എഡിഡിപി നാഡയ്ക്ക് അനുകൂലമായി വിധിച്ചത്. യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിനൊപ്പം (UWW), കായിക ലോക ഭരണ സമിതിയും പൂനിയയെ ഏപ്രിലിൽ സസ്പെൻഡ് ചെയ്‌തിരുന്നതിനാൽ, സസ്പെൻഷൻ കാലയളവ് അവസാനിക്കുന്നത് വരെ ബജ്‌റംഗ് പൂനിയക്ക് പരിശീലകനാകാനും കഴിയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ താൻ സാമ്പിൾ നൽകാൻ വിസമ്മതിച്ചത് നാഡയുടെ പ്രക്രിയകളിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും കാലഹരണപ്പെട്ട കിറ്റാണ് പരിശോധനക്കായി ഉപയോഗിച്ചിരുന്നതെന്നും ബജ്‌രംഗ് പൂനിയ പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണങ്ങളിൽ ഗുസ്‌തിക്കാർ നയിച്ച പ്രതിഷേധങ്ങളിൽ മുൻനിരയിലുണ്ടായിരുന്നയാളാണ് ബജ്‌രംഗ് പൂനിയ. പിന്നീട് ഇദ്ദേഹം കോണ്‍ഗ്രസിൽ ചേർന്നിരുന്നു. ഇതിനുള്ള പ്രതികാര നടപടിയാണ് വിലക്കെന്നും ബജ്‌രംഗ് പൂനിയ ആരോപിച്ചു.
പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ താരമാണ് പുനിയ. 2013 ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ തുടങ്ങി ഒരു പതിറ്റാണ്ട് നീണ്ട അന്താരാഷ്ട്ര കരിയറിൽ, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ ഗെയിംസുകളിൽ നിരവധി മെഡലുകൾ നേടാൻ പുനിയക്കായിട്ടുണ്ട്. അർജുന അവാർഡ്, ഖേൽ രത്‌ന, പത്മശ്രീ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
Also Read:ഐപിഎൽ ലേലത്തിലെ 13 കാരന്‍റെ പ്രായത്തെ ചൊല്ലി തര്‍ക്കം; പരിശോധിക്കാന്‍ തയ്യാറാണെന്ന് പിതാവ്