കേരളം

kerala

ETV Bharat / state

കടുവപ്പേടിയില്‍ കണ്ണൂരിന്‍റെ മലയോര മേഖല ; കൃഷിയിടങ്ങളില്‍ പോകാനാവാതെ കര്‍ഷക കുടുംബങ്ങള്‍ - Kannur Tiger

കാടുവിട്ട് നാട്ടിലേക്കിറങ്ങി കടുവകൾ. കണ്ണൂർ ജില്ലയിലെ കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍ പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിൽ കടുവയെ കണ്ടതായി നാട്ടുകാർ.

tiger kannur  fear of tiger  forest department  tiger hunt
കടുവപ്പേടിയില്‍ കണ്ണൂര്‍

By ETV Bharat Kerala Team

Published : Mar 21, 2024, 11:32 AM IST

കണ്ണൂര്‍ : ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ കടുവകള്‍ വിലസുന്നു (Kannur In Fear Of The Tiger). പശ്ചിമഘട്ട മലനിരകളിലെ വരള്‍ച്ചയും ഭക്ഷ്യ ക്ഷാമവുമാണ് കടുവകളെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാന്‍ പ്രേരിപ്പിക്കുന്നത്. മലയോര പ്രദേശങ്ങളായ കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ കടുവകളെ കണ്ടതായി കര്‍ഷകര്‍ അറിയിച്ചിരുന്നു.

ഒരേ കടുവയെയാണ് കണ്ടതെന്ന സംശയമായിരുന്നു വനം വകുപ്പിന്. എന്നാല്‍ വിവിധ വലിപ്പത്തിലുളള കടുവകളെയാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു. കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളിലായി എട്ടോളം കടുവകളും പതിനഞ്ചോളം പുലികളും കൃഷിയിടങ്ങളില്‍ ഇറങ്ങി നടക്കുകയാണെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ജനങ്ങളുടെ ഭീതി അകറ്റാന്‍ വനംവകുപ്പിന്‍റെ ഇടപെടലുകള്‍ക്ക് ഇതുവരേയും സാധിച്ചിട്ടില്ല. കേളകം കരിയംകാപ്പിലെ കടുവയെ പിടികൂടാന്‍ മയക്കുവെടി വിദഗ്‌ധരെ നിയോഗിച്ചിരുന്നു. ഇന്ന് മുതല്‍ കൂടുതല്‍ വിദഗ്‌ധര്‍ കടുവയെ പിടികൂടാനുളള ശ്രമങ്ങളില്‍ പങ്കുചേരും.ചെറു സംഘങ്ങളായി തിരിഞ്ഞ് കടുവയെ തിരയാനാണ് പദ്ധതി.

എന്നാല്‍ കഴിഞ്ഞ ദിവസം വരെ വനപാലകരെ വെട്ടിച്ച് കടുവ കടന്നുകളയുകയാണ് ചെയ്‌തത്. കടുവ ഭീതിയില്‍ റബ്ബര്‍ വെട്ടുന്നതുള്‍പ്പടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ പോകാനാവാതെ കര്‍ഷക കുടുംബങ്ങള്‍ വീടുകളില്‍ തന്നെ കഴിയേണ്ട അവസ്ഥയിലാണ്.

ഏഴ് ഇടങ്ങളില്‍ വിവിധ വലിപ്പത്തിലുള്ള കടുവകളെ കണ്ടതായി കര്‍ഷകരും നാട്ടുകാരും പറയുന്നു. എന്നാല്‍ ഇത് ഒരേ കടുവയല്ലെന്ന നിഗമനത്തില്‍ അധികാരികളും എത്തിയിട്ടുണ്ട്. ഇനി കടുവയെ കണ്ടെത്തിയാല്‍ ഉടന്‍ വെടിവയ്‌ക്കാനുള്ള നടപടികളായിരിക്കും വനം വകുപ്പ് എടുക്കുക. മൂന്ന് കൂടുകള്‍ കടുവയെ കെണിയിലാക്കാന്‍ സ്ഥാപിച്ചിട്ടും കടുവ പിടിയിലാവുന്നില്ല. കടുവയ്ക്ക്‌ ഇരയായി നായ്ക്കളെ കൂട്ടില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിലെല്ലാം വിഫലമായിക്കൊണ്ടിരിക്കെ ജനങ്ങളില്‍ പ്രതിഷേധ ശബ്‌ദം ഉയരുന്നുണ്ട്.

കല്ലാറ്റിൽ മീൻപിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു : പത്തനംതിട്ടകോന്നി കല്ലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയയാളെ കാട്ടാന കുത്തിക്കൊന്നു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ദിലീപിന്‍റെ ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ (20-03-2024) രാത്രി എട്ടുമണിയോടെ കല്ലാറ്റില്‍ ഏഴാന്തല ഭാഗത്താണ് സംഭവം നടന്നത്.

സംഭവം അറിഞ്ഞ് വനപാലകര്‍ സ്ഥലത്ത് എത്തി. ചൊവ്വാഴ്‌ച രാത്രിയിലും ദിലീപും കൂട്ടുകാരും കല്ലാറ്റിൽ മീൻ പിടിക്കാൻ പോയപ്പോൾ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നുണ്ട്. കാട്ടാന അവരെ ഓടിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്നലെ മനോജും സുഹൃത്തും മാത്രമാണ് മീൻ പിടിക്കാൻ എത്തിയത്. ഈ ഭാഗത്ത് പകൽ പോലും കാട്ടാന ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ALSO READ : കണ്ണൂരിലെ കടുവയെ പിടികൂടാനുളള സംഘം സ്ഥലത്തെത്തി

ABOUT THE AUTHOR

...view details